X

സബര്‍മതി വീണ്ടും മനസ്സുകളെ സമരസജ്ജമാക്കുന്നു

ടി.എ അഹ്മദ് കബീര്‍

സ്വാതന്ത്ര്യ നിഷേധവും സ്വതന്ത്ര നിലപാടുകളുടെ നിരാസവും രാജ്യത്ത് എല്ലാ സീമകളും ലംഘിക്കുന്നു. മനശാസ്ത്രപരമായ അടിമത്തം അടിച്ചേല്‍പ്പിക്കാന്‍ ആര്‍.എസ്.എസ് കുടിലമായ കുതന്ത്രങ്ങള്‍ പണിയുന്നത് കണ്ടില്ലെന്ന് നടിക്കാനാവാത്ത ഭീതിതവും സംഭ്രമഭരിതവുമായ ദിനരാത്രങ്ങള്‍ കടന്നുപോകുന്നു. ആര്‍.എസ്.എസ് ലക്ഷ്യമിടുന്ന വികലമായ വിചാരധാരയോടും അനാശാസ്യമായ പ്രവര്‍ത്തനരീതികളോടും വിയോജിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അവര്‍ വരുത്തിത്തീര്‍ക്കുന്നു. ഭയവും വെറുപ്പും ആധാരമാക്കി നയരൂപീകരണം നടത്തുന്നവരുടെ അല്‍പ്പത്തം അനാവൃതമാകുന്ന തോതില്‍ രചനാത്മകവും യുക്തിഭദ്രവും സമയോചിതവും സംഘടിതവുമായ പ്രതികരണങ്ങള്‍ ഒരു അനിവാര്യതയാണെന്ന തിരിച്ചറിവ് സ്വീകാര്യത നേടുന്നതും കാണാനാവും.

ഗുജറാത്ത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സൈ്വര്യം കെടുത്തുന്നു. ഗാന്ധിധാം സംഭവങ്ങളും ഗോധ്ര കൂട്ടക്കൊലകളും നമ്മുടെ പരിഷ്‌കൃതിയെയും സംസ്‌കൃതിയെയും അപമാനകരമായ അധോനിലകളില്‍ എത്തിച്ചിരുന്നു. ലോകത്തിന്റെ മുന്നില്‍ ദേശമൊന്നാകെ തല കുനിച്ചിരിക്കേണ്ടിവന്നിരുന്നു. ഗുജറാത്ത് അവസാനത്തെ സംഭവമാകട്ടെ എന്ന് നല്ല മനസ്സുകള്‍ പ്രാര്‍ഥനകളൊടെ കൊതിച്ചു. വിഭാഗീയതയുടെ പേരില്‍ അയല്‍ക്കാരുടെ ചോര ചീന്തുന്ന, അഭിമാനം പിച്ചി കീറുന്ന കാടത്തം ഇനി ആവര്‍ത്തിക്കാതിരിക്കണേ എന്ന് കൊതിക്കാത്തവരുണ്ടാവില്ല.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയ ഭ്രാന്ത് അഴിഞ്ഞാടിയെങ്കിലും ഭരണകൂടം അതിന് ഒത്താശ ചെയ്തു എന്ന് ആരോപിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു വിഭാഗം പൊലീസും അര്‍ധ സൈനികരും നിയമ പാലനത്തില്‍ കൃത്യവിലോപം കാണിക്കുകയും ചില ഇടങ്ങളില്‍ കലാപകാരികള്‍ക്കൊപ്പംനിന്നു എന്ന ഗുരുതരമായ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്നവര്‍ അക്രമത്തിനെതിരെയും അക്രമികള്‍ക്കെതിരെയും പരസ്യമായി നടപടികള്‍ സ്വീകരിക്കുന്നതില്‍ മടി കാണിച്ചിരുന്നില്ല. മാധ്യമങ്ങള്‍ പൊതുവെ അത്തരം സംഭവങ്ങളെ പിന്തുണച്ചിരുന്നില്ല. അതത് കാലത്തെ സര്‍ക്കാരുകളുടെ ഉറച്ച തീരുമാനത്തിന്റെ ചുറ്റുപാടില്‍ കോടതികളും ജനങ്ങളുടെ ഭീതി അകറ്റാന്‍ നിയമപരമായ സംരക്ഷണം നല്‍കിയിരുന്നു.

ആ സ്ഥിതി അല്ല ഇന്ന് രാജ്യത്ത് നില നില്‍ക്കുന്നത്. ഭരണകക്ഷിയെ പിന്തുണക്കുന്നവര്‍ ഏത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും സുരക്ഷിതരായിരിക്കുമെന്ന ദുരവസ്ഥ നാണം കെടുത്തുന്നു. വ്യവസ്ഥപിതമായും നിയമവിധേയമായും ഏറെക്കുറെ തൃപ്തികരമായി പ്രവര്‍ത്തിച്ചിരുന്ന ഭരണഘടനാസ്ഥാപനങ്ങളെ വരെ തകിടം മറിച്ചിരിക്കുന്നു. എത്ര നൂറ്റാണ്ട് പിന്നിലാണ് ആര്‍.എസ്.എസ് പ്രത്യശാസ്ത്ര പരിസരം നിലനില്‍ക്കുന്നത് എന്ന് ഊഹിക്കാന്‍ പോലും സാധിക്കാത്ത ദുരവസ്ഥ. ആര്‍.എസ്.എസ് അനുകൂല സംഘടനകളുടെ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ കേവലമായ മാനവികതയുടെ വഴി വിളക്കുകള്‍ പോലും അണച്ച് കളയുന്നു. പരസ്യമായ കൊലവിളികളും വിദ്വേഷ പ്രസംഗങ്ങളും തടയപ്പെടുന്നില്ല. ബി.ജെ.പി മന്ത്രിമാരിലും ജനപ്രതിനിധികളിലും ചിലര്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ എടുത്തത് പോലും പരിഗണിക്കുന്നില്ല. അവര്‍ നിയമ ലംഘനം പ്രോല്‍സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു.

ഭരണകൂടം മനുഷ്യത്വരഹിതമായ നീക്കങ്ങള്‍ക്ക് അരുനില്‍ക്കുന്ന സാഹചര്യത്തില്‍ വധിക്കപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയും ജീവിക്കാന്‍ വിധിക്കപ്പെട്ട ബില്‍ക്കിസ് ബാനുവും ഇന്ത്യയുടെ മനസ്സാക്ഷിയെ ഉണര്‍ത്തിക്കൊണ്ടേയിരിക്കും. അവരുടെ ദുരനുഭവങ്ങള്‍ മറച്ച്പിടിക്കാന്‍ ഒരു ഭരണകൂടത്തിനും സാധ്യമാവില്ല. പൗരബോധം ഈ അന്യായങ്ങള്‍ക്കെതിരെ പുനരണി ചേരാന്‍ ആഹ്വാനം നടത്തിക്കൊണ്ടേയിരിക്കും. അത് ചരിത്രത്തിന്റെ അലംഘനീയമായ രീതിശാസ്ത്രമാണ്. ഒരക്രമി സംഘത്തിനും ഏറെനാള്‍ പിടിച്ച്‌നില്‍ക്കാനാവില്ല. ചരിത്രം പരതി നോക്കൂ. അക്കൂട്ടര്‍ ഏറെനാള്‍ പിടിച്ച്‌നിന്നിട്ടില്ല.

സബര്‍മതിയുടെ സന്ദേശമാണത്. അതൊരു ആശ്രമമായിരുന്നില്ല, നിരവധി ആശ്രമങ്ങളുടെ ശാന്തി നികേതനമായിരുന്നു. ഗാന്ധിജിയുടെ ആശ്രമമെന്ന് പ്രസിദ്ധമായ സബര്‍മതി സമഗ്രവും സമ്യക്കുമായ ദേശീയ പ്രസ്ഥാനത്തിന്റെ വ്യത്യസ്ത ജനകീയ പരിപാടികളുടെ പ്രഭവ കേന്ദ്രമായിരുന്നു. ഒരേസമയം അത് സത്യഗ്രഹ ആശ്രമവും സ്വാശ്രയത്തിന്റെ ആശ്രമവും ദലിത് സമൂഹത്തിന്റെ സമുദ്ധാരണം പ്രാവര്‍ത്തികമാക്കിയ ആശ്രമവും ആയിരുന്നു. സ്ത്രീ ശാക്തീകരണവും മദ്യവര്‍ജ്ജന പരിപാടിയും ആ ആശ്രമത്തിന്റെ മുഖ്യ പ്രമേയങ്ങളായിരുന്നു. 1938 ലെ ഹരിപുര കോണ്‍ഗ്രസ് സമ്മേളനം ആവിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതിയും അതിന്റെ നടത്തിപ്പിനായി രൂപീകരിച്ച ഹിന്ദുസ്ഥാനി തഅ’ലീമി സംഘും ഈ ആശ്രമത്തിന്റെ വാര്‍ധയിലേക്ക് വളര്‍ന്ന ആശയ പ്രപഞ്ചത്തിന്റെ സംഭാവനയാണല്ലൊ. ഗ്രാമ സ്വരാജും സേവാഗ്രാമും ശീലനിധിയായ ഗാന്ധിജിയുടെ സുതാര്യമായ പ്രവര്‍ത്തന മണ്ഡലങ്ങളുടെ നേരും വേരും സാംസ്‌കാരികായ ഔന്നത്യത്തോടെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അവിടെ വാക്കും പ്രവൃത്തിയും ഒന്നിക്കുന്നു. ഒരിക്കല്‍ ഗാന്ധിജി തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ‘ലോകത്തോട് പുതുതായി എന്തെങ്കിലും അറിയിക്കുകയല്ല ശ്രമം. സത്യവും സമചിത്തതയും സഹവര്‍ത്തിത്വവും മാമലകള്‍ പോലെ അചഞ്ചലം ആണ്. അതിന് കഴിയുന്ന അളവില്‍ വ്യക്തിപരമായ ആവിഷ്‌കാരം നല്‍കാനുള്ള എളിയ ശ്രമം മാത്രം.’
സബര്‍മതിയില്‍ വിനോഭാജിക്കും മീരക്കും ഇടമുണ്ടായിരുന്നു. ടഗോറിനും നെഹ്രുവിനും പട്ടേലിനും ആസാദിനും അവിടെ ചിന്ത പങ്കിടാമായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ അവിടെ നിന്ന് ദണ്ഡിയിലേക്ക് സമര യാത്ര നടത്താമായിരുന്നു. അയിത്തത്തിനെതിരെ രാജ്യത്തിന്റെ ഏത് ഭാഗത്തും വൈക്കത്ത് പോലും എത്താന്‍ വഴി ഉണ്ടായിരുന്നു. നാരായണ ഗുരുവിനെ കാണാനും സമയം ലഭിച്ചിരുന്നു. ബംഗാളിലെ നവഖലി ചോര വാര്‍ന്ന് പിടയുന്ന നേരത്ത് അരുതെന്ന് പറഞ്ഞ് കൊലക്കത്തിക്ക്മുന്നില്‍ നടക്കാന്‍ കെല്‍പ് പകര്‍ന്ന ആശ്രമമാണത്. ഗാന്ധിജിയുടെ നിരന്തരമായ യാത്രകള്‍ ഗ്രാമ മൂലകളിലും നഗര പ്രാന്തങ്ങളിലും ചെറുത്തുനില്‍പ്പിന് കരുത്ത് പകര്‍ന്ന ഓര്‍മകള്‍ വിസ്മൃതമാവില്ല.

അര്‍ധ നഗ്‌നനായ ഒരിന്ത്യാക്കാരന്റെ, ജനഹിതം അറിഞ്ഞ ഒരു ജനനായകന്റെ, സത്യാന്വേഷണ കളരിയായ സബര്‍മതി ചിലരുടെ കളിപ്പാട്ടമാകാന്‍ വഴങ്ങുമെന്ന് കരുതരുത്. അത് സമര ഭൂമിയും പ്രാര്‍ഥനാ ഭൂമിയുമാണ്. സ്വാതന്ത്ര്യം തേടുന്ന സമര ഭൂമി. അനീതികള്‍ക്കെതിരെ പൊരുതുന്ന പ്രാര്‍ഥനാ ഭൂമി. നവ്യമായ രാഷ്ട്രീയാനുഭവങ്ങളൂടെ വിളഭൂമിയാണത്. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ക്കൊപ്പംനിന്ന ആശ്രമമാണത്. ഗാന്ധിജിയുടെ തെളിഞ്ഞ മനസ്സില്‍ വിരിഞ്ഞ സ്വാതന്ത്ര്യ ദാഹം പതിനായിരങ്ങള്‍ക്ക് പ്രഭ ചൊരിഞ്ഞ ദീപ്തി അവിടെ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അത് അണച്ച് കളയാന്‍ ഒരസുര ശക്തിക്കും സാധ്യമല്ല. ബില്‍ക്കിസ് ബാനുവിന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി നിര്‍ഭയമായി വിളിച്ച്പറഞ്ഞത് മറ്റൊന്നുമല്ല.

വര്‍ത്തമാനകാല സാഹചര്യത്തില്‍ സബര്‍മതിയും വാര്‍ധയിലെ സേവാഗ്രാമും ഓരോ വ്യക്തിയുടെയും മനസ്സില്‍ സജീവമാകുകയാണ് എന്നര്‍ഥം. മനസ്സില്‍ നിന്ന് മനസ്സുകളിലേക്ക് പടര്‍ന്ന്പിടിക്കുന്ന ഈ സന്ദേശം ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കും നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്കും പരന്നൊഴുകുക എന്നത് സഹജമായ പ്രവണതയാണെന്ന് വിലയിരുത്തേണ്ടിവരുന്നു. കുറ്റവാളികളെന്ന് കോടതി കണ്ടെത്തി ശിക്ഷ അനുഭവിക്കുന്നവരെ ഭരണകൂടം തുറന്ന്‌വിടുമ്പോള്‍ അവരെ മാലയിട്ട് സ്വീകരിക്കുന്നതും മധുരം വിളമ്പുന്നതും നല്‍കുന്ന ദുസ്സൂചന ഞെട്ടിപ്പിക്കുന്നതാണ്. പൗരന്മാരുടെ ജീവനും സ്വത്തിന്നും അഭിമാനത്തിനും നിയമം അനുശാസിക്കുന്ന പരിരക്ഷ നല്‍കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് പറഞ്ഞ കുറ്റത്തിന് സജ്ഞീവ് ഭട്ടും ശ്രീകുമാറും ടീസ്റ്റ സെറ്റല്‍വാദും തടവറയില്‍ കഴിയുമ്പോള്‍ പ്രത്യേകിച്ചും. ഇത് ഒരു വെല്ലുവിളിയായി കാണേണ്ടതുണ്ട്. അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യയുടെ സംഘശക്തി ഒരിക്കല്‍ കൂടി ഉണരും. ഇന്ത്യ അതിന്റെ മഹിത പൈതൃകം വീണ്ടെടുക്കും.ഒന്നിച്ച് നില്‍ക്കുകയല്ലാതെ മാര്‍ഗമില്ല. ലഭ്യമാകുന്ന അവസരങ്ങളത്രയും വിനിയോഗിക്കുകയാണ് ശരിയായ രീതി. ഒരു പൊതുമണ്ഡലം സൃഷ്ടിക്കാന്‍ അരങ്ങൊരുങ്ങണം, അരങ്ങൊരുക്കണം. മാറി നില്‍ക്കുകയല്ല വേണ്ടത്, ചേര്‍ന്ന് നില്‍ക്കാന്‍ സന്നദ്ധരാകുകയാണ് വേണ്ടത്. രാജ്യത്തിന്റെ വീണ്ടെടുപ്പ് ആദ്യം, പരമമായ ആ ലക്ഷ്യത്തിന്റെ മുന്നില്‍ മറ്റൊന്നും തടസ്സമായിക്കൂട.

Test User: