ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ശബരിമല ഉത്സവത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു. വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഒക്ടോബര്‍ 15നകം നല്‍കും. കഴിഞ്ഞ സീസണില്‍ ലഭിച്ചതില്‍ കൂടുതല്‍ തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ദേവസ്വം, ധന വകുപ്പ് സെക്രട്ടറിമാരെ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുപ്പത്തിയേഴ് ഇടത്താവളങ്ങള്‍ വികസിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം പത്ത് ഇടത്താവളങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 145 കോടി രൂപയാണ് ഇടത്താവള വികസനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പ്രവൃത്തികളെല്ലാം സമയബന്ധിതമായി ഇത്തവണയും നടത്തും. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് തുക നീക്കി വെക്കുകയും പ്രവൃത്തികള്‍ മുന്‍കൂട്ടി നിശ്ചയിച്ച് പണി തുടങ്ങുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
വാട്ടര്‍ അതോറിറ്റി ഒക്ടോബര്‍ 15നകം വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. 157 കിയോസ്‌കുകളും 379 പൈപ്പുകളുമാണ് സ്ഥാപിക്കുക. തീര്‍ത്ഥാടകര്‍ക്ക് ചൂടുവെള്ളവും തണുത്ത വെള്ളവും പുതിയതായി ലഭിക്കുന്ന 20 കിയോസ്‌കുകള്‍ പ്രത്യേകം സ്ഥാപിക്കും. എരുമേലി ശുദ്ധജല പ്ലാന്റ് ഒക്ടോബറോടെ സജ്ജമാകും. കെ.എസ്.ആര്‍.ടി.സിയുടെ 400 ബസുകള്‍ സീസണില്‍ സര്‍വീസ് നടത്തും. 207 റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടി ആരംഭിച്ചു. 140 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 31നകം റോഡുകളുടെ പണി പൂര്‍ത്തിയാകും. സന്നിധാനത്തെ പുതിയ ആസ്പത്രി കെട്ടിടം നവംബര്‍ മൂന്നിന് സജ്ജമാകും. ഡോക്ടര്‍മാരുടെ നിയമനം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കും. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 400 കിലോമീറ്റര്‍ ചുറ്റളവില്‍ 20 സ്‌ക്വാഡുകള്‍ പട്രോളിംഗ് നടത്തും.
ശരണപാതയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് പൊലീസും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപടി സ്വീകരിക്കും. പൊലീസിന്റെ മെസ് ഹാള്‍ പണിയുന്നതിന് ദേവസ്വം സ്ഥലം അനുവദിക്കണമെന്നും പൊലീസുകാര്‍ക്ക് താമസിക്കുന്നതിന് കൂടുതല്‍ സ്ഥലസൗകര്യം വേണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ പത്ത് മുതല്‍ 12 ശതമാനം വരെ വര്‍ധനവാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.