ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലും പെട്ട സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തിരുത്തിയാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം സര്‍ക്കാര്‍ നിലപാടിനെ ദേവസ്വംബോര്‍ഡ് കോടതിയില്‍ എതിര്‍ത്തു. നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.
2007ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാര്‍, നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും സ്ത്രീ പ്രവേശം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുകയും ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തതോടെ, സ്ത്രീ പ്രവേശനത്തെ പിന്തുണക്കുമെന്ന് ദേവസ്വംമന്ത്രി വ്യക്തമാക്കി. എന്നാല്‍ ജൂലൈയില്‍ കേസ് പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത് വിവാദമായി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തു നിയമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് കോടതിയില്‍ ഹാജരായിരുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് ഇന്നലെ സംസ്ഥാന സര്‍ക്കാറിനു വേണ്ടി കോടതിയില്‍ ഹാജരായത്. 2007ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതു തന്നെയാണ് ഈ സര്‍ക്കാറിന്റെയും നിലപാടെന്ന് ജയ്ദീപ് ഗുപ്ത വിശദീകരിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ദേവസ്വംബോര്‍ഡ് കോടതിയില്‍ പറഞ്ഞത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി മുമ്പാകെ സര്‍ക്കാറും ദേവസ്വംബോര്‍ഡും വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. 2007ല്‍ അന്നത്തെ ദേവസ്വം ബോര്‍ഡും സ്ത്രീ പ്രവേശത്തെ അനുകൂലിച്ചിരുന്നു.
അതേസമയം കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കു വിടില്ല. ഫെബ്രുവരി 20ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.