ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരായി സമര്‍പ്പിച്ച 48 പുനഃപരിശോധനാ ഹരജികളാണ് ഇന്ന് പരിഗണിക്കക. ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറി(അടച്ചിട്ട കോടതിയില്‍)ലാണ് ഹരജികള്‍ പരിശോധിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭരണഘട ബെഞ്ചിന്റെ ഭാഗമാകും. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍. കേസ് തുറന്ന കോടതിയില്‍ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു.
ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം ഇല്ല. ചേംബറില്‍ അഭിഭാഷകര്‍ക്കോ, കക്ഷികള്‍ക്കോ പ്രവേശനവുമില്ല.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് അഞ്ചംഗ ബെഞ്ച് പുനഃപരിശോധനാ ഹരജികള്‍ പരിശോധിക്കുക. ചേംബറില്‍ വെച്ചുതന്നെ ഹരജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും.
അതേ സമയം യുവതി പ്രവേശത്തിനെതിരെ സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കും. ഹര്‍ജിയില്‍ ദേവ സ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകനായ ചന്ദര്‍ ഉദയ് സിങായിരിക്കും ഹാജരാവുക. നേരത്തെ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരുന്ന ആര്യാമ സുന്ദരം കേസ് ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് പുതിയ അഭിഭാഷകനെ നിയോഗിച്ചത്. റിട്ട് പരിഗണിക്കുമ്പോള്‍ സ്ത്രീ പ്രവേശന കാര്യത്തില്‍ ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കും. സുപ്രധാന വിധി പുറപ്പെടുവിച്ച അതേ ഭരണഘടനാ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജിയും പരിഗണിക്കുക.
ബെഞ്ചിലുണ്ടായിരുന്ന നാല് ജഡ്ജിമാരും പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലുമുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ് സെപ്തംബര്‍ 28ന് ചരിത്രവിധി പുറപ്പെടുവിച്ചത്. ശബരിമല വിധി പുറപ്പെടുവിച്ച ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബെഞ്ചിലെ അംഗമായത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ്.
നാല് പേരുടെ വിധിയോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിയോജിച്ചത്. അഞ്ചംഗ ബെഞ്ചില്‍ നിന്ന് നാലുവിധികളാണ് ഉണ്ടായത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പ്രത്യേകം വിധികളും പ്രസ്താവിച്ചു.