X

ശബരിമല വിധി പുനഃപരിശോധിക്കും; ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്

ശബരിമല വിധി പുന:പരിശോധിക്കാന്‍ തീരുമാനം. പുന:പരിശോധനാഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കും. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് തീരുമാനം.റിട്ട് ഹര്‍ജികളും ഭരണഘടനാബഞ്ചിലേക്ക് മാറ്റി. സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കോടതി നോട്ടിസ് അയച്ചു.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി രാവിലെ പരിഗണിച്ചിരുന്നില്ല. പുനപരിശോധനാഹര്‍ജികള്‍ തീര്‍പ്പാക്കിയശേഷമേ റിട്ടുകള്‍ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.

ശബരിമല യുവതീപ്രവേശം തടയണമെന്നാവശ്യപ്പെടുന്ന നാല് റിട്ട് ഹര്‍ജികളും 50 പുനപരിശോധനാഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ ഉണ്ടായിരുന്നത്. രാവിലെ കോടതി ചേര്‍ന്നപ്പോള്‍ പുനപരിശോധനാഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് ശബരിമല ആചാരസംരക്ഷണഫോറത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ആവശ്യം അന്യായമാണെന്ന് ചീഫ് ജസ്റ്റിസ് ര?ഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു.

സമീപകാലത്ത് ഒരു കേസിലും സുപ്രീംകോടതി വിധിക്കെതിരെ ഇത്രയധികം പുനപരിശോധനഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടിരുന്നില്ല. തുറന്ന വാദത്തിന് വഴിതെളിഞ്ഞതോടെ വീണ്ടും സങ്കീര്‍ണമായ നിയമയുദ്ധത്തിന് കളമൊരുങ്ങും.

chandrika: