ശബരിമല സമരത്തിലൂടെ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള നീക്കവുമായി ആര്‍.എസ്.എസ്. സംഭവത്തെ മുതലെടുക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും നീക്കം നടത്തുകയാണെന്ന് നേരത്തെ ഉയര്‍ന്ന ആരോപണം അടിവരയിട്ടുറപ്പിക്കുകയാണ് ഈ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഈ വിവാദം ഉപയോഗപ്പെടുത്താനാണ് ധാരണ. ദേശീയ ചാനലായ ‘ന്യൂസ് 18നാണ് മംഗളൂരുവില്‍ ചേര്‍ന്ന ആര്‍.എസ്.എസിന്റെ ദക്ഷിണേന്ത്യന്‍ യോഗത്തിന്റെ അജണ്ട പുറത്തുകൊണ്ടു വന്നത്. അയ്യപ്പഭക്തരെ ബൂത്ത് തലത്തില്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പിക്ക് ആര്‍.എസ്.എസ് കര്‍ശന നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമല തുറന്നുകൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവ് യഥാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വാതില്‍ തുറന്നതാണെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. കര്‍ണാടകയൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് കാര്യമായി നേട്ടമുണ്ടാക്കാനായിട്ടില്ല. എന്നാല്‍ ശബരിമലയിലെ കോടതി ഉത്തരവോടെ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തുറന്ന അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ആര്‍.എസ.്എസ് കണക്ക് കൂട്ടുന്നു. ആര്‍.എസ്.എസിന്റെ മുന്‍നിലപാടില്‍ നിന്നുള്ള മലക്കംമറിച്ചില്‍ കൂടിയാണ് ഈ മാറ്റം. ശബരിമല പ്രശ്‌നം വലിയ രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രവര്‍ത്തകരോട് കേരളത്തിലെത്തിയെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ശബരിമലയിലെത്തുന്ന ബഹുഭൂരിപക്ഷം ഭക്തരും. ഈ സംസ്ഥാനങ്ങളിലെ ഓരോ ബൂത്ത് തലത്തിലും ആറ് അയ്യപ്പ ഭക്തരെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവരെ സംഘടിപ്പിച്ച് പ്രചാരണം നടത്താനാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം. ശബരിമല വിധിക്ക് സ്റ്റേ ലഭിക്കാതെ വന്നതോടെ സംഘപരിവാറിന്റെ കളത്തിലേക്കാണ് പന്ത് നീങ്ങുന്നത്. ശബരിമലയില്‍ പൊലീസിനെ ഇറക്കി ഭക്തരെ അടക്കം തടഞ്ഞതോടെ ഹൈന്ദവ വികാരം വ്രണപ്പെട്ടുവെന്നും ഇത് ഹിന്ദു ഏകീകരണത്തിനും വഴിതെളിക്കുമെന്നുമാണു ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നാലും ഇപ്പോഴുള്ള സംഭവം നേട്ടം ചെയ്യുമെന്ന് അവര്‍ കരുതുന്നു.
വിധിക്ക് കാരണം സി.പി.എമ്മും പിണറായി സര്‍ക്കാരുമാണെന്ന പ്രചാരണം അഴിച്ചുവിട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. താഴേത്തട്ടു മുതല്‍ പ്രചാരണപരിപാടികള്‍ നടത്താനും തുടങ്ങിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ സി.പി.എമ്മിലും രണ്ടു തട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ഭൂരിപക്ഷം പേരും പിണറായിയുടെ നിലപാടിനെ പരോക്ഷമായി എതിര്‍ക്കുന്നു. സര്‍ക്കാര്‍ നിലപാട് ബി.ജെ.പിക്ക് ഗുണമാകുമെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹം നിലപാടില്‍ അയവ് വരുത്തിയതെന്നാണ് സൂചന.
ശബരിമലസമരം: വേരുറപ്പിക്കാന്‍ ആര്‍.എസ്.എസ് ആഹ്വാനം
Tags: RSSsabarimala