X

ശബരിമലയില്‍ സുരക്ഷ ശക്തമാക്കി; പൊലീസിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി

പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. പ്രദേശത്ത് പൊലീസിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. 18ാം പടിക്ക് താഴെ ജോലിചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഡ്രസ് കോഡ്. കാക്കി യൂണിഫോമും തൊപ്പിയുമാണ് നിര്‍ബന്ധമാക്കിയത്. അതേസമയം സോപാനത്തും പതിനെട്ടാംപടിയിലും സേവനം അനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

ഐ.ജി വിജയ് സാക്കറെയുടേതാണ് കര്‍ശന നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് യൂണിഫോം ഇന്‍സേര്‍ട്ട് ചെയ്ത് പൊലീസുകാര്‍ നില്‍ക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മണ്ഡലകാല പൂജകള്‍ക്കായി ഇന്ന് വൈകീട്ട് ശബരിമല നട തുറക്കാനിരിക്കെ വന്‍ പൊലീസ് വിന്യാസമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. അന്‍പത് വയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ലോക്നാഥ് ബെഹ്റയും നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് ഇലവുങ്കല്‍ മാത്രമാണ് പ്രവേശനം. പത്ത് മണിക്ക് ശേഷം മാത്രം ഭക്തരെ നിലയ്ക്കലിലേക്ക് കടത്തിവിടാനാണ് പൊലീസ് തീരുമാനം. എരുമേലിയില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞിട്ടുണ്ട്. പമ്പയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

അതേസമയം ശബരിമലയില്‍ മണ്ഡലകാല സീസണ്‍ ആരംഭിക്കാനിരിക്കെ ഇടുക്കി ജില്ലയിലെ ബി.ജെ.പി, ബി.എം.എസ് നേതാക്കളെ കരുതല്‍ തടങ്കലില്‍വെച്ചു. ബി.ജെ.പി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, ജില്ലാ കമ്മിറ്റി അംഗം എസ്.ജി. മനോജ്, ബി.എം.എസ് മേഖലാ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീകുമാര്‍ എന്നിവരെയാണു പൊലീസ് അറസ്റ്റു ചെയ്തത്.

പ്രശ്നക്കാര്‍ വീണ്ടും ശബരിമലയില്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ അറസ്റ്റിനു പൊലീസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എല്ലാ ജില്ലകളിലും പ്രശ്നക്കാരുടെ പട്ടിക പൊലീസിന്റെ പക്കലുണ്ട്.

chandrika: