ശബരിമല: ശബരിമലയിൽ ഇനി ശരണ ഘോഷത്തിന്റെ നാളുകൾ. മണ്ഡലകാല മഹോത്സവത്തിനായി നട തുറന്നു. തീർഥാടനത്തിന് തുടക്കംകുറിച്ച് തന്ത്രി മഹേഷ് മോഹനണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നട തുറന്നത്. നട തുറക്കുന്ന സമയം അയ്യപ്പഭക്തരുടെ നീണ്ട നിരയായിരുന്നു നടപ്പന്തലിൽ.
കനത്ത മഴയെ അവഗണിച്ച് ഉച്ചയോടെതന്നെ ആയിരക്കണക്കിന് ഭക്തരാണ് മല ചവിട്ടിയെത്തിയത്. നട തുറന്നശേഷം തന്ത്രി സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലിൽ നെയ് വിളക്ക് തെളിച്ചതോടെ മലമുകളിൽ ശരണാരവം ഉച്ചസ്ഥായിയിലായി.
അടുത്ത ബന്ധു മരിച്ചതിനെത്തുടർന്ന് മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിക്ക് പുല ആയതിനാൽ കീഴ്ശാന്തി എസ്. നാരായണൻ പോറ്റിയാണ് നിയുക്ത ശബരിമല മേൽശാന്തി പി.എൻ. മഹേഷ്, മാളികപ്പുറം മേൽശാന്തി പി.ജി. മുരളി എന്നിവരെ പതിനെട്ടാംപടിക്ക് താഴെനിന്ന് സോപാനത്തിലേക്ക് ആനയിച്ചത്.