X

ശബരിമല: ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നു ഹൈക്കോടതി

 

ശബരിമല ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനങ്ങളെടുക്കാനും സര്‍ക്കാരിനു അധികാരമില്ലെന്നു ഹൈക്കോടതി.
ശബരിമലയിലും സന്നിധാനത്തും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിനു അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ക്രമസമാധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനു ഇടപെടാവുന്നതാണ.് ഭക്തരെ ആക്രമിച്ചതിനും വാഹനങ്ങള്‍ തകര്‍ത്തതിനുമെതിരെ എന്തുകൊണ്ടു കേസെടുത്തില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആരാഞ്ഞു. സംഘര്‍ഷത്തിന്‍ അന്യായം ചെയ്ത പൊലിസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
സംഘര്‍ഷത്തില്‍ പങ്കെടുത്ത എല്ലാവരെയും പോലെയാണ് സംഘര്‍ഷത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍. അതിനാല്‍ ഇവര്‍ക്കെതിരെയും നടപടി സ്വകരിക്കണമെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരായ പോലിസുകാരെ കണ്ടെത്താന്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വ്യക്തമാക്കി.
ക്രമസമാധാനത്തിന്റെ പേരില്‍ ഭക്തരെയും മാധ്യമങ്ങളെയും ബുദ്ധിമുട്ടിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. പമ്പയില്‍ മാധ്യമങ്ങളെ തടഞ്ഞത് എന്തിനെന്നു വ്യക്തമാക്കണമെന്നു സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. മാധ്യമങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാരിനു ഗുണം ചെയ്യുകയല്ലേയുള്ളുവെന്നു കോടതി ചൂണ്ടിക്കാട്ടി.
മാധ്യങ്ങളെ തടഞ്ഞത് മറ്റെന്തെങ്കിലും നടപ്പാക്കാനാണോയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ശബരിമലയില്‍ പോലിസ് അതിക്രമമുണ്ടായെന്നും തീര്‍ഥാടകര്‍ക്ക് രണ്ടു മിനിറ്റു സമയം മാത്രമാണ് ദര്‍ശനത്തിനു അനുവദിച്ചിട്ടുള്ളുവെന്നും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ കടന്നുകയറുകയാണെന്നും ആരോപിച്ചു സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
ശബരിമലയില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനം വിലക്കിയാല്‍ മതസൗഹാര്‍ദ്ദം തകരുമെന്നു കോടതി വ്യക്തമാക്കി. ജാതിഭേദമന്യേ പ്രവേശനം അനുവദിച്ചിട്ടുള്ള ഏക ക്ഷേത്രമാണ് ശബരിമലയെന്നും കോടതി ചൂണ്ടിക്കാട്ടി. അഹിന്ദുക്കളെ തടയണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നും നിയമവശങ്ങള്‍ പരിശോധനയ്ക്കു വിധേമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

chandrika: