ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം
എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പേരുപറയാതെ ശബരിമല വിഷയം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതിയുടെ ഒളിപ്രചാരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ശബരിമല കര്‍മ്മസമിതി ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തുടനീളം ഹിന്ദുവികാരം ഉയര്‍ത്തിവിടാനാണ് ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതാക്കളെ മുന്നില്‍ നിര്‍ത്തി കര്‍മ്മസമിതി തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തുവരുന്നതായും വിവരമുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപയജ്ഞം നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് നേരിട്ട് ആവശ്യപ്പെടാതെ, ശബരിമല അയ്യപ്പന് വേണ്ടി പോരാടി ജയിലില്‍ പോയ നേതാവിനെ വിജയിപ്പിക്കണമെന്നാണ് പത്തനംതിട്ടയിലെ പ്രചാരണം. ‘ഹൈന്ദവ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് വിശ്വാസി സമൂഹത്തിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി’ക്ക് വേണ്ടിയാണ് തിരുവനന്തപുരത്തെ പ്രചാരണം.
ശബരിമല കര്‍മ്മസമിതി ഒരു രാഷ്ട്രീയപാര്‍ട്ടി അല്ലാത്തതു കൊണ്ടും പ്രത്യക്ഷമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തതിനാലും ഇവര്‍ ശബരിമലയെയും അയ്യപ്പനെയും തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാനാവില്ല. വിവിധയിടങ്ങളില്‍ കര്‍മ്മസമിതി കുടുംബയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ശബരിമല, വിശ്വാസ സംരക്ഷണം, ഹൈന്ദവ വികാരം തുടങ്ങി ജാതിയുടെയും മതത്തിന്റെയും പേരില്‍ വൈകാരികമായി വോട്ടര്‍മാരെ സമീപിക്കുകയാണിവര്‍. മാത്രമല്ല, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും അതേത്തുടര്‍ന്ന് സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വോട്ടര്‍മാരോട് വിശദീകരിക്കുകയും ചെയ്യുന്നു.
നോട്ട് നിരോധനം, ജി.എസ്.ടി, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങി നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ ജനവികാരത്തിന് തടയിടാന്‍ ശബരിമലയെ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുക എന്ന തന്ത്രമാണ് ബി.ജെ.പി സ്വീകരിച്ചിട്ടുള്ളത്. ഇത് പ്രത്യക്ഷമായി നടപ്പിലാക്കുന്നതിന്റെ പരിമിതി കാരണമാണ് ഇപ്പോള്‍ ശബരിമല കര്‍മ്മസമിതിയെ ബി.ജെ.പി രംഗത്തിറക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിക്കൊണ്ടുവരേണ്ട പ്രത്യേക സാഹചര്യം നിലവിലില്ല. ഇപ്പോള്‍ മണ്ഡലകാലമല്ല, ശബരിമല ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുമാണ്. എന്നാല്‍ എന്തുകൊണ്ടാണ് കര്‍മ്മസമിതി വീണ്ടും സമരരംഗത്തിറങ്ങിയത് എന്നതാണ് പ്രസക്തം. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ച് വേഷം കെട്ടുകയാണിവര്‍.
അതേസമയം തങ്ങള്‍ വിശ്വാസസംരക്ഷണത്തിന് വേണ്ടി മാത്രമാണ് പോരാടുന്നതെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിനോടുള്ള വിയോജിപ്പ് തുറന്നുപറയുന്നതല്ലാതെ ആര്‍ക്കുവേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നില്ലെന്നുമാണ് കര്‍മ്മസമിതിയുടെ വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ചുകൊണ്ട് വര്‍ഗീയ പ്രചാരണം നടത്തുകയുമാണ് കര്‍മ്മസമിതി ചെയ്തുവരുന്നത്.