X

ശബരിമലയിലെ അക്രമം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

എറണാകുളം: ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ ആണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി കഴിഞ്ഞ 17 മുതല്‍ 20 വരെ നടന്ന അക്രമ സംഭവങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.

രഹ്ന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. അതേസമയം, സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റില്‍ കേരള ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ക്കെതിരെയും, അക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ട പോലീസുകാര്‍ക്കെതിരെയും എന്ത് നടപടിയാണ് എടുത്തതെന്ന് വിശദീകരിക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ശബരിമലയില്‍ നാമജപ യജ്ഞത്തില്‍ സമാധാനപരമായി പങ്കെടുത്ത നിരപരാധികളായ ഭക്തരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറും മറ്റും നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നലകിയത്.

ശബരിമലയില്‍ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഹര്‍ജിക്കാര്‍ ചില ചിത്രങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് കണ്ട കോടതി ഭക്തരെയും കാഴ്ചക്കാരെയുമൊക്കെ ഇത്തരത്തില്‍ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്താണ് പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നു്  ചോദിച്ചു. പൊലീസുകാരും അതിക്രമം കാട്ടിയെന്നും വാഹനങ്ങള്‍ തകര്‍ത്തെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് അതിക്രമം കാട്ടിയ പൊലീസ് കാര്‍ക്കെതിരെ എന്ത് നടപടി എടുത്തെന്നു് വിശദീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ശക്തമായ നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്.

പരിഷ്‌കൃത സമൂഹത്തിലുണ്ടാവേണ്ട പോലീസ് പ്രഫഷണല്‍ പൊലീസാണെന്നും, അത്തരം സംവിധാനമാണ് ഇവിടെയും വേണ്ടത്. ഇത്തരം കേസുകള്‍ പോലെയുള്ള മറ്റു കേസുകളിലും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും കോടതി സര്‍ക്കാരിന് താക്കീത് നല്കി. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

chandrika: