പമ്പയിലും പരിസര പ്രദേശങ്ങളിലും ഭക്ത ജനങ്ങള്‍ക്ക് ഒരുക്കിയ സൗകര്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നേരിട്ടു പരിശോധിച്ചു. കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹന്‍കുമാറും പി. മോഹനദാസും ആണ് പമ്പയിലെത്തിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തെത്തിയ മനുഷ്യാവകാശ കമീഷന്‍ തീര്‍ഥാടകരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ശബരിമല സംഭവത്തില്‍ ഇടപെടാനും നടപടി സ്വീകരിക്കാനും സാധിക്കില്ലെന്ന് കമീഷന്‍ അംഗം പി. മോഹനദാസ് പറഞ്ഞു. നാമജപം, വിരിവെക്കാനുള്ള സൗകര്യം എന്നീ വിഷയങ്ങളിലെ പരാതികള്‍ ഹൈകോടതിയുടെ പരിഗണിനയില്‍ ഇരിക്കുന്നത് കൊണ്ട് കമീഷന്‍ ഇടപെടില്ല. അത് ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. 13 പരാതികള്‍ ലഭിച്ചു. ഇതില്‍ പൊലീസിനെതിരെ പരാതിയും ഉണ്ട്. 144 പ്രഖ്യാപിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് നോട്ടീസ് നല്‍കിയത് പരിശോധിക്കും. വിരിവെക്കുന്നതിലുള്ള നിയന്ത്രണങ്ങളുടെ കാര്യം ഐ.ജിയുമായി സംസാരിക്കുമെന്നും തീര്‍ഥാടകരുടെ തിരക്കിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്ന് പി. മോഹനദാസ് പറഞ്ഞു.