തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാരിന്റെ നിര്‍ണായക നിലപാട് മാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് സിപിഎം പി.ബി അംഗം എം.എ.ബേബി വ്യക്തമാക്കി .
സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കും. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും സത്യവാങ്മൂലം നല്‍കുകയെന്നും എം.എ.ബേബി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2007-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നല്‍കിയതാണ് ശബരിമല കേസിലെ ആദ്യ വഴിത്തിരിവ്. ഒരേമതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഈ വിഷയം പഠിക്കാന്‍ കമ്മിഷനെ വെക്കണമെന്നും യുവതികള്‍ക്ക് മാത്രമായി പ്രത്യേക സീസണ്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതില്‍ വ്യക്തമാക്കി. 2016-ല്‍ കേസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനുമുന്നിലെത്തി.
2016-ല്‍ സുപ്രീംകോടതിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വി.എസ്. സര്‍ക്കാരിന്റെ നിലപാടില്‍നിന്ന് പിന്‍വാങ്ങി. ശബരിമലയില്‍ യുവതീപ്രവേശം ആവശ്യമില്ലെന്നും തല്‍സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോള്‍ കേരളത്തില്‍ പിണറായി വിജയന്റെ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. ഇതോടെ, സംസ്ഥാനസര്‍ക്കാര്‍ വീണ്ടും നിലപാട് മാറ്റി. യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ദേവസ്വംബോര്‍ഡ് പഴയ നിലപാടില്‍ തുടര്‍ന്നു.
കക്ഷിചേരാനെത്തിയവരെയെല്ലാം കേട്ടശേഷം ബെഞ്ച് യുവതീപ്രവേശത്തെ അനുകൂലിച്ച് 2018 സെപ്റ്റംബര്‍ 28-ന് വിധിയെഴുതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഢ്, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍ അനുകൂലിച്ചും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എതിര്‍ത്തും വിധിയെഴുതി.