X

ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് പരിക്കേറ്റു

ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധയ്ക്കിടെയാണ് അപടകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ 6 പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റ 4 പേരെ പമ്പയിലെ ആസ്പത്രിയിലും നിസാര പരിക്കേറ്റ 20 പേരെ സന്നിധാനത്തെ ആസ്പത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ തമിഴ്നാട്ടില്‍നിന്നും ആന്ധ്രാപ്രദേശില്‍നിന്നും എത്തിയ തീര്‍ഥാടകരാണ്.


ദീപാരാധനയ്ക്കു ശേഷം തങ്കയങ്കി ചാര്‍ത്തിയുള്ള ദര്‍ശനം തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. മാളികപ്പുറത്തിനു സമീപം ഭക്തരുടെ തള്ളിക്കയറ്റമാണ് അപടത്തിലേക്ക് എത്തിച്ചത്. പൊലീസ് വടം കെട്ടി തടഞ്ഞുനിര്‍ത്തിയ അയ്യപ്പഭക്തന്മാരെ കടത്തിവിടാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ ഇടിച്ചു കയറുകയായിരുന്നു. ഇവിടെ കാത്തുനിന്ന ഭക്തരാണ് അപകടത്തില്‍പെട്ടത്. തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കായി വന്‍തിരക്കാണ് ഇന്നനുഭവപ്പെട്ടത്.

വടം തകര്‍ന്ന് മറിഞ്ഞു വീണപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും വീണവരുടെ മുകളിലൂടെ ഭക്തര്‍ നടന്നതാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായത്.

അപകടത്തില്‍ പലര്‍ക്കും നെഞ്ചിലും തലയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളുടെ വാരിയെല്ലിന് ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റൊരാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതായും പ്രാഥമിക പരിശോധനയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയച്ചിട്ടുണ്ട്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആസ്പത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ സാഹചര്യം സാധാരണ നിലയിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല അപകടത്തില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തിക്കും തിരക്കും മൂലം ഉണ്ടാവാന്‍ സാധ്യതയുള്ള വലിയ അപകടം ഒഴിവായത് പൊലീസിന്റെ സമയത്തുള്ള ഇടപെടലിനെ തുടര്‍ന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ അപകടത്തിനു കാരണം പൊലീസിന്റെ കയ്യിലുണ്ടായിരുന്ന വടം വഴുതി വീണതാണെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും. അപകടസ്ഥലത്ത് ഡ്യൂട്ടിക്ക് ഒന്‍പതു പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വലിയ തിക്കും തിരക്കും വന്നപ്പോള്‍ ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്താമാക്കിയിരുന്നു.

എന്നാല്‍ സംഭവത്തക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി ശ്രീജിത്തിനോട് ഡിജിപി ആവശ്യപ്പെട്ടു. സന്നിധാനത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

chandrika: