ശബരിമല: ശബരിമലയിൽ ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സൗകര്യം ഒരുക്കാൻ 10ാം തീയതി മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചത്.
സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്നുനാൾ മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിത ദർശനം ഒരുക്കാൻ സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.