പത്തനംതിട്ട: സന്നിധാനത്ത് നെയ്യഭിഷേകത്തിന് തടസമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. പുലര്‍ച്ചെ മുന്നേകാല്‍ മുതല്‍ 12.30 വരെ നെയ്യഭിഷേകം നടത്താവുന്നതാണെന്നും, മൂന്ന് മണി മുതല്‍ സന്നിധാനത്ത് എത്താനുള്ള സംവിധാനം ഒരുക്കുമെന്നും,പരമാവധി ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനുള്ള സൗകര്യം ഒരുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡി.ജി.പി ലോക്‌നാഥ് ബഹറയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിന്റെ ആക്ഷേപങ്ങളും അതൃപ്തികളും പത്മകുമാര്‍ ഡി.ജിപി ലോക്‌നാഥ് ബഹറയെ അറിയിച്ചതായാണ് വിവരം. സന്നിധാനത്തെ സമരങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരാന്‍ തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും നിലവിലത്തെ തീരുമാനം.
നിലവില്‍ അര മണിക്കൂര്‍ സമയമാണ് നെയ്യഭിഷേകത്തിന് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതിന് സന്നിധാനത്ത് എത്തുന്നതിന് യാതൊരു തടസ്സവുമുണ്ടാകുന്നതല്ല. നിലയ്ക്കലില്‍ 12 മണിയാകുമ്പോഴേക്ക് എത്തിയാല്‍ തുടര്‍ന്ന് പമ്പയിലും പമ്പയില്‍ നിന്ന് ഒന്നരമണിക്കൂര്‍ കൊണ്ട് സന്നിധാനത്തും എത്താനുള്ള ക്രമീകരണമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്.കൂടാതെ,തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതില്‍ യാതൊരു തടസ്സവുമുണ്ടാകില്ലെന്നും,. ദേവസ്വം ബോര്‍ഡിന്റേത് അടക്കമുള്ള റസ്റ്റ് ഹൗസുകളില്‍ മുറിയെടുത്തു തങ്ങാവുന്നതാണെന്നും, നടപ്പന്തലിനെ സമര വേദിയാക്കാന്‍ അനുവദിക്കുകയില്ലെന്നും, അദ്ദേഹം വ്യക്തമാക്കി.