തിരുവനന്തപുരം: പത്തനംതിട്ട ശബരിഗിരി പവര്‍ ഹൗസിലെ തകരാര്‍ മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. ഇന്നലെ ഞായര്‍ ആയതിനാലും രണ്ടു ദിവസമായി വേനല്‍ മഴ അനുഭവപ്പെടുന്നതിനാലും വൈദ്യുതി ഉപയോഗം പൊതുവെ കുറവായിരുന്നു. ഇന്ന് 200 മെഗാവാട്ട് കൂടി പുറത്തു നിന്ന് അധികം ലഭിക്കുന്നതിനാല്‍ ലഭ്യതക്കുറവിലെ പോരായ്മ പരിഹരിക്കാനാകും.
ശബരിഗിരി അപകടത്തോടെ വൈദ്യുതി ഉല്‍പാദനത്തില്‍ 96 മെഗാവാട്ടിന്റെ കുറവാണ് പൂളിലുണ്ടായതെന്നാണ് വിശദീകരണം. 340 മെഗാവാട്ടാണ് പദ്ധതിയുടെ ഉല്‍പാദന ശേഷി. 1,2,3,5 ജനറേറ്ററുകള്‍ 55 മെഗാവാട്ട് വീതവും 4,6 ജനറേറ്ററുകള്‍ 60 മെഗാവാട്ട് വീതവുമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. നാലാം ജനറേറ്റര്‍ 2 വര്‍ഷമായി ഷട്ട് ഡൗണിലാണ്. ആറാം ജനറേറ്റര്‍ കൂടി ഷട്ട് ഡൗണിലായതോടെ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം യഥാര്‍ത്ഥത്തില്‍ 120 മെഗാവാട്ട് കുറഞ്ഞു. മുമ്പ് രണ്ടു തവണ 6ാം നമ്പര്‍ ജനറേറ്ററിന്റെ കോയിലുകള്‍ കത്തി നശിച്ചിരുന്നു. ഒരു വര്‍ഷം മുമ്പുണ്ടായ തകരാര്‍ പരിഹരിച്ച ശേഷം ഏതാനും മാസം മുമ്പാണ് ഓടിത്തുടങ്ങിയത്. തകരാര്‍ പരിഹരിക്കാന്‍ ഒന്നര മാസം വേണ്ടി വരും.
180 കോയിലുകളുള്ള ജനറേറ്ററിന്റെ ഏതാനും കോയിലുകള്‍ മാത്രമാണ് തകരാറിലായതെന്നാണ് നിഗമനം. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജനറേറ്റര്‍ തകരാറിലായത്. ബക്കറ്റ് വെല്‍ഡിങ് ജോലികളുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി ആറാം ജനറേറ്റര്‍ പകല്‍ ഷട്ട് ഡൗണിലായിരുന്നു. ഈ ദിവസങ്ങളില്‍ വൈകുന്നേരം വൈദ്യുതോല്‍പാദനം പുനരാരംഭിക്കും വിധമാണ് ജോലികള്‍ ക്രമീകരിച്ചത്.വെള്ളിയാഴ്ച ജനറേറ്റര്‍ പ്രവര്‍ത്തിച്ച് 10 മിനിറ്റിനുള്ളില്‍ തകരാറിലാകുകയായിരുന്നു. അപകടത്തിന് ഏതാനും മിനിറ്റ് മുമ്പ് വരെ ജനറേറ്ററിനു സമീപം ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ അവിടെ നിന്ന് പോയത് അപകടമൊഴിവാക്കി.