കെ.പി ജലീല്‍
2002 ജൂലൈ 27ന് ആലപ്പുഴമുഹമ്മയില്‍ കായലില്‍ കൂടി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചത് 29 പേരായിരുന്നു. അമിതഭാരമാണ് അപകടകാരണമെന്ന് അന്നത്തെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും ബോട്ടിന്റെ കാലപ്പഴക്കവും അമിതഭാരവും അനുവദിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും തട്ടേക്കാടും തേക്കടിയിലും ഇപ്പോഴിതാ താനൂരിലും ബോട്ടുകള്‍ മറിഞ്ഞ് മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഓരോ അപകടം കഴിയുമ്പോഴും ലൊട്ടുലൊടുക്ക് നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുകയും അവ നടപ്പാക്കുന്നതില്‍ തീരെ താല്‍പര്യംകാണിക്കാത്തതുമാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം വഴിവെക്കുന്നത്. വിദേശകാര്യ വിദഗ്ധനും മലയാളിയുമായ മുരളി തുമ്മാരകുടി അടുത്തിടെ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പ്രളയകാലത്ത് മാത്രമല്ല, സാധാരണകാലത്തുപോലും ബോട്ടപകടങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയേറെയാണെന്നാണ് അദ്ദേഹം ഏതാനും ആഴ്ച മുമ്പ് പറഞ്ഞത്. മലയാളിയും സര്‍ക്കാരും ഇത് വായിച്ച് മിണ്ടാതിരുന്നു.
താനൂരില്‍ അപകടത്തില്‍പെട്ട ബോട്ടിന് ലൈസന്‍സുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. മീന്‍പിടുത്ത ബോട്ടിന്റെ രൂപം മാറ്റി യാത്രക്ക് ഉപയോഗിച്ചത് കണ്ടെത്താനോ തടയാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായില്ല. ഇത് മുന്‍കൂട്ടി കാണാന്‍ പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായതുമില്ല.
കാലപ്പഴക്കമാണ് ബോട്ടപകടങ്ങളുടെ കാരണങ്ങളിലൊന്നായി പറയുന്നത്. ഇവയുടെ കാര്യത്തില്‍ പക്ഷേ സര്‍ക്കാര്‍ മൗനം പാലിക്കാറാണ് പതിവ്. തൊഴിലല്ലേ എന്നതാകാം കാരണം. പക്ഷേ എത്ര വിലപ്പെട്ട ജീവനുകളാണ് ഇതുവഴി നഷ്ടപ്പെടുന്നതെന്നത് സര്‍ക്കാര്‍ കാണണം. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്തി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരത്തിനോ അനുശോചന പ്രമേയങ്ങള്‍ക്കോ ഒന്നും ഇത് തടയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ജനാധിപത്യസര്‍ക്കാരുകളെ കൊണ്ടെന്ത് പ്രയോജനമാണ് നാടിനും നാട്ടുകാര്‍ക്കുമുള്ളത്. സാധാരണക്കാര്‍ ഒരു വേള അവധിയാഘോഷിക്കാനായി ചെല്ലുന്ന ഇത്തരം താരതമ്യേന ചെലവുകുറഞ്ഞ ഇടങ്ങളില്‍ സുരക്ഷാസൗകര്യം ഒരുക്കാന്‍ കഴിയാതെ ആഢംബര കപ്പലുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാത്രം സൗകര്യമൊരുക്കിയിട്ടെന്തുകാര്യം.
കേരളത്തില്‍ 1924ലാണ് മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലന ബോട്ട് ദുരന്തം. അതിന് ശേഷം നടന്നതില്‍ ഏറ്റവും വലുതായിരുന്നു തേക്കടി ബോട്ട്ദുരന്തം- 45 മരണം. മരണസംഖ്യയില്‍ മൂന്നാമത്തേതാണ് 22 പേരുടെ അന്ത്യത്തിനിടയാക്കിയ താനൂര്‍ ഓവുംചാല്‍ ദുരന്തം. കുമരകത്തേക്ക് പി.എസ്.സി പരീക്ഷയെഴുതാന്‍ പുറപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് മുഹമ്മക്കടുത്ത വേമ്പനാട്ടുകായലില്‍ മരിച്ചതെങ്കില്‍ താനൂരിലും തേക്കടിയിലും തട്ടേക്കാടും വിടപറഞ്ഞത് വിനോദസഞ്ചാരികളായിരുന്നു. പല്ലനയാറ്റില്‍ സാധാരണയാത്രക്കാരും. പല്ലന ദുരന്തത്തിന് 100 വര്‍ഷം തികയാനിരിക്കെ അത്രയുംതന്നെ മരണമുണ്ടാക്കിയ ദുരന്തം താനൂരിലുണ്ടായെന്നത് നാം പിറകോട്ടാണോ സാങ്കേതികമായി സഞ്ചരിക്കുന്നത് എന്ന ചോദ്യമാണുയര്‍ത്തുന്നത്.
ആരോഗ്യരംഗത്ത് ലോകനിലവാരത്തിലെത്തിയെന്ന് അഭിമാനിക്കുമ്പോഴാണ് മലയാളിക്ക് ഈ നാണക്കേട് സഹിച്ച് തലതാഴ്‌ത്തേണ്ടിവരുന്നത്.