തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതി പൊലീസില്‍ ഏല്‍പ്പിക്കാനാവില്ലെന്ന് സി.പി.എം. പരാതി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന ന്യായീകരണവുമായാണ് ഇന്ന് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്.
പരാതിയില്‍ എം.എല്‍.എക്കെതിരെ സംസ്ഥാനകമ്മിറ്റി നടപടി എടുത്തു തുടങ്ങിയെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പരാതി ലഭിച്ച ഉടനെതന്നെ നടപടി എടുത്തു തുടങ്ങിയിരുന്നു. പരാതി മറച്ചുവെച്ചു എന്നുള്ളത് ദുരാരോപണമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരാതിക്കാരിക്ക് നിയമപരമായി മുന്നോട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും രാമചന്ദ്രന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
പി.ബി ചേര്‍ന്ന ശേഷം സംസ്ഥാന ഘടകവുമായി സംസാരിച്ചു. അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു. ഏ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരെ ഇതിന് ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് അവര്‍ അറിയിച്ചത്. ആരേയും സംരക്ഷിക്കില്ല. നടപടി വൈകാതെ ഉണ്ടാകും. പെണ്‍കുട്ടിയുടെ പരാതി പൊലീസിന് കൈമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.