ഉമേഷ് വള്ളിക്കുന്ന്
രാത്രിയില്‍ ഒരു പെണ്ണ് ഒറ്റയ്ക്ക് റോഡില്‍ പെട്ടുപോകുന്നതിനക്കാള്‍ അപകടകരമായി ഒന്ന് മാത്രമേയുള്ളൂ അവള്‍ അവന്റെ കാമുകനോടൊപ്പം അതേ സാഹചര്യത്തില്‍ പെട്ടുപോകുന്നത്. അതോടെ നമ്മള്‍ സകലമാന മാന്യമഹാത്മാക്കളുടെയും ഉള്ളിലുള്ള കുരു ഉടല്‍ നിറയെ പൊട്ടിയൊലിച്ചു തുടങ്ങും.
*
ഒരു വര്‍ഷത്തോളമായി സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്റെ മുറവിളികള്‍ കേട്ടുകൊണ്ടിരിക്കുന്നവരാണ് നമ്മള്‍. ഏതെല്ലാമോ രാജ്യങ്ങളില്‍ ചെന്ന് വിഖ്യാതമായ ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ നേടുന്നു അയാളും സെക്‌സി ദുര്‍ഗ എന്ന സിനിമയും! തിരിച്ചു നാട്ടിലേക്കെത്തുമ്പോള്‍ ദുര്‍ഗയുടെ സെക്‌സും സംവിധായകന്റെ ഉദ്യേശശുദ്ധിയും അയാളുടെ അച്ചടക്കമില്ലായ്മയും ചര്‍ച്ച ചെയ്ത് സിനിമ തള്ളിമാറ്റപ്പെടുന്നു! ഒരു വിഭാഗം ഈ സിനിമയെ പേടിച്ച് എന്തൊക്കെയോ പറഞ്ഞ് നിലവിളിക്കുന്നു! മേളകളില്‍ പുകഞ്ഞു കത്തുന്നു! സിനിമ കണ്ട് വസ്തുത തിരിച്ചറിയാനും വിദേശങ്ങളില്‍ മാത്രം ചിലവാകുന്ന കള്ളനാണയമാണോ ഈ ദുര്‍ഗ്ഗയെന്ന് വിലയിരുത്താനും ഒരവസരം പോലും കിട്ടാത്ത പ്രേക്ഷകര്‍ അന്തം വിടുന്നു.
എന്നാലിപ്പോള്‍ എസ്. ദുര്‍ഗ കണ്ട് മറ്റൊരു അന്തം വിടലിലാകുന്നു പ്രേക്ഷകര്‍. (പുലിമുരുഗനും ബാഹുബലിയും പ്രതീക്ഷിച്ചു പോകുന്നവരെയല്ല..) മലയാളത്തില്‍ ഈ സിനിമക്ക് സമാനതകളില്ല.
അതുല്യമായ പാടവത്തോടെ ഒരുക്കിയ ഒരു സിനിമയെയാണ് നാട്ടു പ്രമാണികള്‍ പടിക്കു പുറത്തു നിര്‍ത്തിയത്. പടി കയറിവരുന്ന ദുര്‍ഗ തങ്ങളുടെ പാപ്പരത്തം വെളിപ്പെടുത്തുമെന്ന ഭീതിയല്ലാതെ മറ്റൊന്നും കൊണ്ടല്ല അതെന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു.
തെക്കന്‍ കേരളത്തിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഗരുഡന്‍ തൂക്കവും അതിന്റെ തയ്യാറെടുപ്പുകളും അവധാനതയോടെ നോക്കിയും കണ്ടുമാണ് ക്യാമറ സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത്. അതെ സമയം അപ്പുറത്ത് ഒരു കബീറും ദുര്‍ഗയും റയില്‍വേസ്‌റ്റേഷനിലേക്കുള്ള ഭീകരമായ യാത്രയിലാണ്. ഒരിടത്ത് ദുര്‍ഗയ്ക്കു വേണ്ടി സ്വയം സഹിക്കുന്ന പുരുഷന്മാര്‍. മറ്റൊരിടത്ത് ദുര്‍ഗയുടെ സഹനം!
അവള്‍ മലയാളിയല്ല. ഭാഷ പിടിയില്ല. നാവുയരാത്ത വിധം തളര്‍ന്നു പോകുന്നു അവളുടെ കൂട്ടുകാരന്‍. അവരുടെ മൗനത്തിലേക്ക് ആണത്ത ആഘോഷങ്ങളുടെ ശബ്ദങ്ങള്‍ ഇരച്ചു കയറുന്നു. അങ്ങനെ ഭീതിദമായ ഒരു എലിയും പൂച്ചയും കളി ആരംഭിക്കുകയും ആ ഭീതി ഒട്ടും ചോരാതെ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു സംവിധായകന്‍.
‘ഹാറ്റ്‌സ് ഓഫ്ഫ് സനല്‍ ‘ എന്ന് പറയുന്നിടത്തു നിന്ന് പൊടുന്നനെ നമ്മള്‍ ചായാഗ്രാഹകനിലേക്ക് പോകേണ്ടി വരുന്നു. എന്തൊക്കെയാണയാള്‍ ചെയ്തുവച്ചിരിക്കുന്നത്!! പകല്‍ വെളിച്ചത്തില്‍ പടമെടുക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മുഴുനീള സിനിമ തെരുവുവിളക്കുകളുടെയും വാഹനങ്ങളുടെയും മാത്രം വെട്ടത്തില്‍ ഗംഭീരമായി ചിത്രീകരിച്ച ആ വൈദഗ്ധ്യവും സാഹസികതയും ഒരു കച്ചവട/ കലാസിനിമയിലും ഇന്നോളം കണ്ടിട്ടില്ല. മലയാള സിനിമയെ വിസ്മയിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട് എസ് . ദുര്‍ഗയിലെ ഷോട്ടുകള്‍. ഈ സിനിമയെഴുതിയത് പേനകൊണ്ടല്ല, ക്യാമറ കൊണ്ടാണെന്ന് ഉറപ്പിച്ചു പറയാം. ഹാറ്റ്‌സ് ഓഫ്ഫ് പ്രതാപ് ജോസഫ്.
അസാധാരണമികവോടെ അഭിനേതാക്കള്‍ കഥാപാത്രങ്ങളാകുന്നു. രാജശ്രീ ദേശ്പാണ്ഡെ അവരെ മുന്‍പില്‍ നിന്ന് നയിക്കുന്നു. സംഗീതം നിശ്ശബ്ദതയായും പെരുമ്പറയായും സിനിമയില്‍ ഇഴ ചേര്‍ന്നിരിക്കുന്നു. ക്രൗണ്‍ തിയേറ്ററിലായതു കൊണ്ട് സിങ്ക് സൗണ്ട് അതിന്റെ സ്വാഭാവികതയോടെ അറിയാന്‍ കഴിഞ്ഞു.
ഇങ്ങനെയൊക്കെ മികച്ച സിനിമയായിട്ടും എന്തുകൊണ്ടാണ് ഇതിനു നേരെ കല്ലേറുണ്ടാകുന്നത്?! മലയാള സിനിമയിലെ മേലാളന്മാര്‍ക്ക് പേടിയും അസൂയയും കൊണ്ടുള്ള മുള്ളാന്‍ മുട്ടലാണെന്ന് മനസിലാക്കാം. സിനിമ കാണാതെ തെറി വിളിക്കാനിറങ്ങിയ മറ്റുള്ളവര്‍ക്കോ?
‘സെക്‌സി ദുര്‍ഗ’ എന്ന് തന്നെയാവണമായിരുന്നു ഈ സിനിമയുടെ പേര്. വണ്ടിയുടെ മുന്‍പില്‍ ദുര്‍ഗാ ദേവിയെ പ്രതിഷ്ഠിച്ചവര്‍ പിന്‍സീറ്റിലെ ദുര്‍ഗ്ഗയോട് ചെയ്യുന്നതെന്ത്? പെണ്ണൊരുത്തിക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ പോലും അശ്ലീലമാക്കുന്ന, അമ്മയും പെങ്ങളുമുള്ള ആണുങ്ങള്‍ക്കിടയില്‍ ദുര്‍ഗയായാലും സീതയാലും സെക്‌സി തന്നെ.