കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കു നേടിയ കൊയിലാണ്ടി സ്വദേശി എസ് ആയിശക്ക് എയിംസില്‍ എംബിബിഎസ് അഡ്മിഷന്‍ കിട്ടി. ഒന്നാം അലോട്ട്‌മെന്റില്‍ തന്നെയാണ് ആഗ്രഹിച്ച എയിംസില്‍ തന്നെ അഡ്മിഷന്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ ചെന്ന് അഡ്മിഷന്‍ എടുക്കുകയായിരുന്നു. നവംബര്‍ 25 ക്ലാസ് ആരംഭിക്കും.
റഗുലറായി തന്നെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നതെന്ന് ആയിഷ പറഞ്ഞു. എയിംസില്‍ പഠിക്കുക എന്നത് വലിയ സ്വപ്‌നമായിരുന്നെന്നും ആ സ്വപ്‌നം സാധ്യമായതിന്റെ
സന്തോഷത്തിലാണ് താനെന്നും ആയിഷ വ്യക്തമാക്കി. കാര്‍ഡിയോളജിസ്റ്റ് ആകണമെന്നാണ് ആയിഷയുടെ നിലവിലെ മോഹം. പഠിക്കുന്നതിനനുസരിച്ച് ആ മോഹം മാറിയേക്കാമെന്നും ആയിഷ പറയുന്നു.
കൊയിലാണ്ടി കൊല്ലം ‘ഷാജി’യില്‍ എപി അബ്ദുല്‍ റസാഖിന്റെയും ഷമീനയുടെയും മകളാണ് ആയിഷ. നീറ്റ് പരീക്ഷയില്‍ ദേശീയ തലത്തില്‍ പന്ത്രണ്ടാമതും കേരളത്തിലെ ഒന്നാമതുമാണ് ഈ മിടുക്കി. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെയുള്ള പഠനം. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ ഹയര്‍സക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സ്വകാര്യ പഠന കേന്ദ്രത്തില്‍ എന്‍ട്രന്‍സ് കോച്ചിങ് ചെയ്തു.