ബാസിത്ത് മലയമ്മ
രണ്ടാം ലോക യുദ്ധാനന്തരം ലോകം കേള്‍ക്കുന്ന ഏറ്റവും വലിയ വെടിയൊച്ചകളും നേരിട്ടുള്ള യുദ്ധവും ഇതാദ്യമായാണ്. റഷ്യയെ പഴയ സോവിയറ്റ് റഷ്യയുടെ പ്രതാപങ്ങളിലേക്ക്, സാമ്രാജ്യത്വ പുനസ്ഥാപനത്തിലേക്ക് ലക്ഷ്യമിട്ട് വര്‍ഷങ്ങളായി പ്രയത്‌നത്തിലാണ്. സോവിയറ്റ് തകര്‍ച്ചക്ക് ഇടയാക്കിയ ഗ്ലാസ്‌നോസ്ത്തും പെരിസ്‌ട്രോയിക്കയും പുതിയ സാമ്രാജ്യത്വ സംസ്ഥാപനത്തിനുള്ള ഊര്‍ജ്ജമായി സ്വീകരിച്ച റഷ്യ അങ്കിള്‍ സാമിന്റെ കിഴക്കന്‍ യൂറോപ്പിലേക്കുള്ള രംഗപ്രവേശം തടഞ്ഞത് ആയുധം കൊണ്ടാണ്.
പിറവി മുതല്‍ റഷ്യക്ക് കീഴൊതുങ്ങി നിന്നിരുന്ന യുക്രെയ്ന്‍, പ്രസിഡണ്ട് സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയിലേക്ക് ചേക്കേറാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. നാറ്റോയില്‍ അംഗമാകാന്‍ താല്‍പര്യമുണ്ടെന്ന് യുക്രെ യ്ന്‍ അറിയിക്കുകയും അംഗത്വം നല്‍കാന്‍ തയ്യാറാണെന്ന് നാറ്റോ മറുപടി നല്‍കുകയും ചെയ്തത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. മോസ്‌കോയില്‍നിന്ന് കേവലം 400 കിലോമീറ്റര്‍ മാത്രം അകലെയുള്ള യുക്രെയ്ന്‍ നാറ്റോ അംഗമായാല്‍ തങ്ങളുടെ മേധാവിത്വത്തിന് ക്ഷതമേല്‍ക്കുമെന്ന ഭയമാണ് റഷ്യയെ യുദ്ധത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്.
ഇത്രയേറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പറയത്തക്ക സഖ്യകക്ഷികളോ സൈനിക ശക്തിയോ യുക്രെയ്ന്‍ ഉണ്ടാക്കിയെടുത്തിട്ടില്ല. യുദ്ധമാരംഭിച്ചു ഇതുവരേയായിട്ടും ഒരു രാജ്യം പോലും അവരുടെ സഹായത്തിന് എത്തിയിട്ടില്ല. കാലങ്ങളായി ലോക പൊലീസ് ചമയുന്ന അമേരിക്കയും മറ്റു രാജ്യങ്ങളും അനുകൂല പ്രസ്താവനകളിറക്കുന്നതിന്പകരം യുക്രെയ്ന്‍ നാറ്റോയില്‍ അംഗമല്ലെന്ന ഒഴിവുകഴിവുകളുമായി കളമൊഴിഞ്ഞിരിക്കുകയാണ്. അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യകക്ഷികളെ വിശ്വസിക്കുകയും ഏത് പ്രതിസന്ധികളിലും അങ്കിള്‍ സാം കൂടെയുണ്ടാവുമെന്ന സെലന്‍സ്‌കിയുടെ വ്യാമോഹങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് യുദ്ധം.
യുദ്ധം ആരംഭിച്ച രണ്ടാം ദിവസം ജനങ്ങളുടെ പക്കലുള്ള ഡ്രോണുകള്‍ ആവശ്യപ്പെട്ട സെലന്‍സ്‌കിയുടെ യുക്രെയ്‌ന്റെ സൈനിക ശേഷിയും കരുത്തും ലോക രാജ്യങ്ങള്‍ മനസ്സിലാക്കുന്നതിനു മുന്നേ റഷ്യ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും പ്രത്യാക്രമണത്തിനു മുതിരാതെ കീഴടങ്ങുമെന്ന് കരുതിയിടത്താണ് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പോരാടുകയും റഷ്യയെ ഞെട്ടിക്കുകയും ചെയ്തത്. റഷ്യന്‍ ബോംബറുകളും ടാങ്കുകളും യുക്രെയ്‌ന്റെ ആകാശവും കരയും കീഴടക്കിയപ്പോള്‍ ലക്ഷക്കണക്കിനു മനുഷ്യര്‍ പലായനം ചെയ്യുകയാണുണ്ടായത്. യുക്രെയ്ന്‍ സൈനികരുടെ വേഷത്തില്‍ റഷ്യന്‍ സേനയെ അയച്ച പുടിന്റെ തന്ത്രങ്ങള്‍ ഇനിയും മറനീക്കി പുറത്തുവന്നിട്ടില്ല. രോക രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധികള്‍ തടയാനും സമാധാന ശ്രമങ്ങള്‍ക്കുമായി രൂപീകൃതമായ സംഘടനകളോ സമാധാനകാലത്ത് യുദ്ധങ്ങളോട് നാഴികക്ക് നാനൂറു വട്ടം ‘നോ’ പറയുന്ന നയതന്ത്രജ്ഞരോ വേണ്ടവിധത്തിലുള്ള ഇടപെടലുകള്‍ നടത്താതെ മൗനം പാലിക്കുകയോ കേവലം പ്രസ്താവനകളിലൊതുക്കുകയോ ചെയ്തു. ഉപരോധങ്ങളേര്‍പ്പെടുത്തപ്പെടുമെന്നും ലോക രാജ്യങ്ങള്‍ റഷ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നറിഞ്ഞിട്ടും ഒരു രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് ഇടിച്ചുകയറാന്‍ പുടിന്‍ കാണിച്ച ധൈര്യവും പ്രേരിപ്പിച്ച ഘടകങ്ങളും തീര്‍ത്തും അപലപനീയമാണ്.
അഭയാര്‍ത്ഥി പ്രവാഹങ്ങളും അരക്ഷിതാവസ്ഥയും മാത്രം സമ്മാനിക്കുന്ന യുദ്ധങ്ങള്‍ ഒരിക്കലും ലാഭകരമല്ല. യുദ്ധത്തിലൂടെ വിജയം വരിച്ചവര്‍ ‘ജീവിച്ചു’ മരിക്കുകയും യുദ്ധത്തിന്റെ ഇരകള്‍ ‘മരിച്ചു’ ജീവിക്കുകയും ചെയ്യുന്നു. സമാധാന ശ്രമങ്ങള്‍ക്കായി സ്ഥാപിതമായ പല സംഘടനകളും പ്രഹസനങ്ങളായി ചുരുങ്ങുകയും യുക്രെയ്‌ന്റെ രക്ഷക്കായി ലോക രാജ്യങ്ങള്‍ അണിനിരക്കുമെന്നുള്ള പ്രത്യാശകള്‍ അസ്ഥാനത്ത് ആവുകയും ചെയ്യുന്ന കാഴ്ചകളാണ് ഇപ്പോള്‍. 1990 കള്‍ക്ക് ശേഷമുള്ള യുദ്ധങ്ങള്‍ മുന്‍കാല യുദ്ധങ്ങള്‍ പോലെ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ട്രങ്ങളില്‍ മാത്രം ഒതുങ്ങി കൂടുന്നു എന്ന് ലോക നേതാക്കള്‍ മനസിലാക്കരുത്. റഷ്യയെ എതിര്‍ക്കാനോ അനുകൂലിക്കാനോ കഴിയാതെ കരുത്തില്ലാത്ത നിലപാടെടുത്ത ഇന്ത്യ ഇന്ന് നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ വിദേശ നയങ്ങളെയും ചേരി ചേരാ പ്രസ്ഥാനത്തെയും സ്മരിക്കേണ്ടതുണ്ട്.