X
    Categories: Newsworld

കീവില്‍ പിടിമുറുക്കി റഷ്യന്‍ സേന

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ജനവാസ കേന്ദ്രങ്ങളിലുള്‍പ്പെടെ റഷ്യന്‍ സേന ആക്രമണം ശക്തമാക്കി. കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്ന യുക്രെയ്‌നുനേരെ പരമാവധി ആക്രമണം അഴിച്ചുവിടാനാണ് റഷ്യന്‍ തീരുമാനം. കീവില്‍ ഒരു പാര്‍പ്പിട കേന്ദ്രത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

ഏതു വിധേനയും തലസ്ഥാന നഗരി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യന്‍ സേന നീങ്ങുന്നത്. മുപ്പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന കീവില്‍നിന്ന് പകുതിയിലേറെ പേര്‍ പലായനം ചെയ്തിട്ടുണ്ട്. നഗരത്തില്‍ അവശേഷിക്കുന്നവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു തുടങ്ങി. യുക്രെയ്‌നെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് റഷ്യ തയാറെടുക്കുന്നതായി യു.എസ് ആരോപിച്ചു. വ്യോമാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരങ്ങളിലുടനീളം വ്യോമാക്രമണങ്ങള്‍ തുടരുകയാണെന്നും സാധാരണക്കാര്‍ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ പല നഗരങ്ങളും നശിച്ചു. അനേകം പേര്‍ കൊല്ലപ്പെട്ടു. വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം തകര്‍ന്നതായി വിറ്റാലി അറിയിച്ചു. കീവ് നഗരം പൂര്‍ണമായും റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണ്. ചെര്‍ണീവ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൗരന്മാരോട് ഷെല്‍ട്ടറുകളിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ പട്ടണമായ ഡിനിപ്രോയിലെ വിമാനത്താവളത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ റണ്‍വേയും ടെര്‍മിനലും തകര്‍ന്നു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് മേഖലയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഡിനിപ്രോയില്‍ ആക്രമണം നടക്കുന്നത്. ശനിയാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

അതേസമയം യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍ കീവ് സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്, പോളണ്ട്, സ്ലോവേനിയ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണ് ട്രെയിന്‍ മാര്‍ഗം എത്തിയിരിക്കുന്നത്. സന്ദര്‍ശന വിവരം യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.

യുക്രെയ്ന്‍, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് നീക്കമുണ്ടെങ്കിലും സമാധാന പ്രതീക്ഷകള്‍ ഇപ്പോഴും അകലെയാണ്. ആക്രമണത്തിന്റെ ശക്തി കുറയ്ക്കാന്‍ റഷ്യ തയാറാകാത്തത് സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

Test User: