X

റഷ്യന്‍ അധിനിവേശവും സാമ്രാജ്യത്വ താല്‍പര്യങ്ങളും- അബ്ദുല്ല വാവൂര്‍

അബ്ദുല്ല വാവൂര്‍

ഒരു ദശകത്തോളമായി യുക്രെയ്‌നില്‍ നിന്ന് സ്വതന്ത്രമായി പ്രത്യേക റിപ്പബ്ലിക്കുകള്‍ എന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്ന ധൊനെസ്‌ക്, ലുഹാന്‍സ് പ്രദേശങ്ങളിലെ പ്രക്ഷോഭകാരികളെ യുക്രെയ്ന്‍ അടിച്ചമര്‍ത്തുന്നു എന്ന വാദമാണ് റഷ്യ അക്രമണത്തിനനുകൂലമായി നിരത്തുന്നത്. മാസങ്ങളായി റഷ്യ യുക്രെയ്ന്‍ ആക്രമണത്തിന് മുന്നൊരുക്കം നടത്തി വരികയായിരുന്നു. യുക്രെ യ്ന്‍ അതിര്‍ത്തിയില്‍ വന്‍ തോതിലുള്ള സൈനിക സന്നാഹത്തെയാണ് വിന്യസിച്ചത്. ഒന്നര ലക്ഷത്തോളം വരുമത്. യു ക്രെയ്‌ന് എല്ലാവിധ പിന്തുണയും അമേരിക്ക നല്‍കുന്നുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ യുക്രെയ്ന്‍ താവളമാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് അമേരിക്ക എന്ന് റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും സഖ്യ രാജ്യങ്ങളും ടണ്‍ കണക്കിന് ആയുധങ്ങളാണ് യുക്രെയ്ന്‍ നല്‍കിയത്. ആറ് ലക്ഷം ഡോളര്‍ വീതം വിലയുള്ള മുന്നൂറോളം ആന്റി ടാങ്ക് മിസൈലുകള്‍ അടക്കം ഈ യുദ്ധോപകരണങ്ങളിലുണ്ട്. ഇതൊക്കെ നല്‍കിയപ്പോഴും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞത് അമേരിക്ക നേരിട്ട് റഷ്യയുമായി യുദ്ധത്തിനില്ലെന്നും യുക്രെയ്‌ന്റെ പ്രാദേശിക സൈന്യത്തിന് റഷ്യയോട് നേരിടാനുള്ള ശേഷി ഉണ്ടെന്നുമാണ്.

യുക്രെയ്‌നെ കരുവാക്കി അന്താരാഷ്ട്ര മേധാവിത്വം ഉറപ്പിക്കാനാണ് റഷ്യയും അമേരിക്കയും ശ്രമിക്കുന്നത്. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ സാമ്രാജ്യത്വം ഏക ധ്രുവ ലോകത്തേക്ക് വഴിമാറുകയും സൈനിക ചേരികള്‍ ഏറെക്കുറെ അപ്രസക്തമാകുകയും ചെയ്തു. അമേരിക്ക ലോകത്തിനുമേല്‍ ഏകഛത്രാധിപതി യെപ്പോലെ തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പിച്ചെങ്കിലും അത് ആഗോള സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നില്ല. ഏകപക്ഷീയമായി അവര്‍ നടത്തിയ വിയറ്റ്‌നാം അഫ്ഗാന്‍ സൈനിക ഇടപെടലുകള്‍ ആ രാജ്യങ്ങള്‍ക്കേല്‍പിച്ച പ്രഹരം കനത്തതായിരുന്നു. മിഖായേല്‍ ഗോര്‍ബച്ചേവ് നടപ്പാക്കിയ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും യു.എസ്.എസ്.ആര്‍ എന്ന സാമ്രാജ്യത്വശക്തിയെ തകര്‍ക്കുകയും നിരവധി പ്രദേശങ്ങള്‍ സ്വതന്ത്രരാകുകയും ചെയ്തു. റഷ്യക്ക് പഴയ വീര്യം ഇത് വരെ വീണ്ടെടുക്കാനായിട്ടില്ല. വ്‌ലാദ്മിര്‍ പുടിന്‍ റഷ്യയുടെ ഭരണാധികാരി യാകുന്നത് 1999 മുതലാണ്. 1999 മുതല്‍ 2012 വരെ പ്രധാനമന്ത്രിയും തുടര്‍ന്ന് പ്രസിഡന്റും. പ്രസിഡന്റായത് മുതല്‍ പഴയ സോവിയറ്റ് യൂണിയന്‍ മാതൃകയില്‍ വിശാല റഷ്യ ലക്ഷ്യംവെക്കുകയാണ് പുടിന്‍. അതിന്റെ അടിസ്ഥാനത്തിലാണ് യുക്രെയ്‌ന്റെ ഭാഗം തന്നെയായിരുന്ന ക്രീമിയന്‍ ഉപദ്വീപ് 2014ല്‍ ആക്രമിച്ചു റഷ്യയുടെ നിയന്ത്രണത്തിലാക്കിയത്. അപ്പോഴും പുടിന്‍ പറഞ്ഞത് ക്രീമിയന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തോടൊപ്പം നില്‍ക്കുന്നുവെന്നാണ്. ഇപ്പോള്‍ വീണ്ടും യുക്രെയ്ന്‍ പ്രദേശങ്ങളെ ലക്ഷ്യം വെച്ചു യുദ്ധമാരംഭിക്കുമ്പോഴും അതേ സ്വരമാണ് പുടിനുള്ളത്. അമേരിക്ക യുക്രെയ്ന്‍ വഴി കിഴക്കന്‍ യൂറോപ്പില്‍ പിടിമുറുക്കാന്‍ നാളുകളായി പരിശ്രമിക്കുകയാണ്. 2014ല്‍ റഷ്യന്‍ അനുകൂലിയായിരുന്ന യുക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിനെ അധികാര ഭ്രഷ്ടനാക്കിയ വിപ്ലവത്തെ പിന്തുണക്കുകയും വൊളോഡി മയര്‍ സെലന്‍സ്‌കിയെ അധികാരത്തിലെത്തിക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. സെലെന്‍സ്‌കിയുടെ ഭരണകൂടം തീവ്ര ദേശീയ പരിഷ്‌കരണ വാദികളും നവ നാസികളും റഷ്യന്‍ വിരുദ്ധരും അടങ്ങിയതാണെന്നാണ് അന്നുമുതല്‍ പുടിന്റെ പക്ഷം. അതുകൊണ്ട് തന്നെ യുക്രെയ്ന്‍ വിരുദ്ധ പ്രക്ഷോഭകാരികളെ റഷ്യ നിര്‍ലോഭമായി സഹായിച്ചുവരുന്നു.

യുക്രെയ്‌നെ അമേരിക്കയുടെ കീഴിലുള്ള നാറ്റോ സൈനിക സഖ്യത്തില്‍ ചേര്‍ക്കാനുള്ള അമേരിക്കയുടെ നീക്കത്തെയും റഷ്യ എതിര്‍ക്കുകയാണ്. യുക്രെയ്‌നോടൊപ്പം റഷ്യയുടെ അയല്‍ രാജ്യങ്ങളായ മോള്‍ഡോവയും ജോര്‍ജിയയും നാറ്റോയില്‍ ചേണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടിരിക്കയാണ്. അത് ചുവന്നവര ലംഘിക്കലാണെന്നും അതിനനുവദിക്കില്ലെന്നും റഷ്യ പറഞ്ഞിട്ടുണ്ട്. അമേരിക്ക യുക്രെയ്‌നെ നാറ്റോയില്‍ ഉള്‍പെടുത്താന്‍ ആദ്യം നിര്‍ദേശം വെച്ചപ്പോള്‍ ഫ്രാന്‍സും ജര്‍മനിയും അതിനെ വീറ്റോ ചെയ്തിരുന്നു. 1994ല്‍ നാറ്റോ ഉച്ചകോടിയില്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ ഇനി സൈനിക ചേരിയിലൂടെ കിഴക്കും പടിഞ്ഞാറും തമ്മില്‍ ഒരു വിഭജനം നടത്താന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ അമേരിക്കക്ക് അവരുടെ സുരക്ഷാ സംവിധാനങ്ങളുടേതാണ് അവസാന വാക്ക്. യുക്രെയ്‌നെ നാറ്റോയില്‍ ചേര്‍ത്താല്‍ റഷ്യ ക്യൂബ, വെനീസുല രാജ്യങ്ങളുമായുള്ള സൈനിക സഖ്യം വീണ്ടെടുക്കേണ്ടതായിവരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയില്‍ ഒട്ടേറെ ആഭ്യന്തര പ്രതിസന്ധിയില്‍പെട്ട് നീങ്ങുന്ന ബൈഡന്‍ ഭരണകൂടത്തിന് അടുത്ത നവംബറില്‍ നടക്കുന്ന മധ്യകാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരാന്‍ യുക്രെയ്ന്‍ പ്രശ്‌നം സഹായകമാകുമെന്നാണ് അവരുടെ കണക്ക്കൂട്ടല്‍. അമേരിക്കയോടൊപ്പം യു ക്രെ യ്ന്‍ പ്രശ്‌നം ഉയര്‍ത്തുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍ നിരവധി അഴിമതി ആരോപണങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ഇത് സഹായകമാകുമെന്ന കണക്ക് കൂട്ടലിലുമാണ്. യുക്രെയ്ന്‍-റഷ്യന്‍ സംഘര്‍ഷത്തില്‍ കാര്യമായി ഇടപെടാതിരുന്ന ചൈന അവരുടെ നയം വ്യക്തമാക്കി കഴിഞ്ഞു. നേരത്തെ റഷ്യ ക്രീമിയയില്‍ അധിനിവേശം നടത്തിയപ്പോഴും കിഴക്കന്‍ യുക്രെയ്‌നിലെ വിഘടനവാദികളെ റഷ്യ സഹായിച്ചുകൊണ്ടിരുന്നപ്പോഴും ചൈന മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ യുക്രെയ്‌നെ നാറ്റോ സഖ്യത്തില്‍ ചേര്‍ക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ചൈന വിമര്‍ശിക്കുകയും റഷ്യക്ക് അവരുടെ സുരക്ഷ പ്രധാനമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

Test User: