X

‘റഷ്യന്‍ അംബാസഡറുടെ ഘാതകന്‍ ഉര്‍ദുഗാന്റെ അംഗരക്ഷകന്‍’

ഇസ്തംബൂള്‍: റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കാര്‍ലോസിനെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസുകാരന്‍ മെവ്‌ലൂത് മെര്‍ട് അല്‍ടിന്‍ടാസ് എട്ടു തവണ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അംഗരക്ഷകനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കുശേഷം ഉര്‍ദുഗാന്‍ പങ്കെടുത്ത എട്ടു പരിപാടികളില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി മെവ്‌ലൂതിനെ നിയോഗിച്ചിരുന്നു.

ഭരണകക്ഷിയുമായുള്ള ബന്ധം കണക്കിലെടുത്താണ് അയാളെ പ്രസിഡന്റിന്റെ അംഗരക്ഷകരില്‍ ഉള്‍പ്പെടുത്തിയത്. അട്ടിമറിശ്രമത്തിനുശേഷം ഉര്‍ദുഗാന്റെ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ അഴിച്ചുപണിതിരുന്നു. അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ല ഗുലനാണ് റഷ്യന്‍ അംബാസഡറുടെ വധത്തിനു പിന്നിലെന്ന് തുര്‍ക്കി ആരോപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലു യു.എസ് സ്‌റ്റേറ്റ് ജോണ്‍ കെറിയുമായി ഫോണില്‍ സംസാരിച്ചു. പരാജയപ്പട്ട പട്ടാള അട്ടിമറിയുടെ ബുദ്ധികേന്ദ്രം ഫത്ഹുല്ല ഗുലനാണെന്നാണ് തുര്‍ക്കി പറയുന്നത്.

അംബാസഡറുടെ ഘാതകനായ പൊലീസുകാരന് ഗുലനുമായുള്ള ബന്ധത്തെക്കുറിച്ച് തുര്‍ക്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അട്ടിമറി ശ്രമം നടന്ന ദിവസം അയാള്‍ പൊലീസില്‍ വിളിച്ചിരുന്നു. എന്നാല്‍ ആ രാത്രി അയാള്‍ എന്താണ് ചെയ്തതെന്ന് വ്യക്തമല്ല.

മെവ്‌ലൂതിന്റെ കുടുംബാംഗങ്ങളടക്കം 13 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തിട്ടുണ്ട്. അംബാസഡറുടെ കൊലപാതകത്തെക്കുറിച്ച് ആഭ്യന്തരതലത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പങ്കെടുക്കുന്നതിന് 18 അംഗ റഷ്യന്‍ ഉദ്യോഗസ്ഥര്‍ അംഗാറയിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇത്തരമൊരു അസാധാരണ നീക്കത്തിന് ഉര്‍ദുഗാന്‍ സമ്മതിച്ചത്. ഘാതകന്‍ ഒറ്റക്കായിരിക്കില്ലെന്നും അയാള്‍ക്കു പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരിക്കുമെന്നും റഷ്യ വ്യക്തമാക്കി. അതേസമയം കാര്‍ലോവിന്റെ മൃതദേഹം മോസ്‌കോയില്‍ കൊണ്ടുവന്നു. സംസ്‌കാരം ഇന്ന് നടക്കും.

 
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ആര്‍ട് ഗാലറിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കാര്‍ലോവ് വെടിയേറ്റ് മരിച്ചത്.
സിറിയയിലെ റഷ്യന്‍ സൈനിക ഇടപെടലിന് പ്രതികാരമായാണ് അംബാസഡറെ കൊലപ്പെടുത്തിയതെന്ന് ഘാതകനായ പൊലീസുകാരന്‍ വ്യക്തമാക്കിയിരുന്നു. ഇയാള്‍ പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുകയാണുണ്ടായത്.

chandrika: