ദമസ്‌കസ്: ഇസ്രാഈലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ച് റഷ്യ. പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിന് റഷ്യ മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി സംഘര്‍ഷം ഒഴിവാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌രോവ് അഭ്യര്‍ത്ഥിച്ചു. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണിത്. മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാം-ലാവ്‌റോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തിന് പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും നിര്‍ദേശിച്ചു. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സിറിയയില്‍ നിന്നുള്ള ഇറാന്‍ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രാഈലിന് അവകാശമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുന്ന നെതന്യാഹു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.