മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. 76 ശതമാനം വോട്ടുകള്‍ നേടി പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ അടുത്ത ആറു വര്‍ഷം കൂടി അധികാരം ഉറപ്പിച്ചു. പ്രതിപക്ഷ ബഹിഷ്‌കരണങ്ങളും അട്ടിമറികളും നിറംകെടുത്തിയ വോട്ടെടുപ്പില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുടിന്റെ അനായാസം വിജയം നേരത്തെ പ്രവചിച്ചിരുന്നു.11.8 ശതമാനം വോട്ടുകള്‍ നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പാവല്‍ ഗ്രുഡിനിന്‍ രണ്ടാം സ്ഥാനത്തെത്തി. ദേശീയവാദിയായ വഌദ്മിര്‍ സിറിനോവിസ്‌കിക്ക് 5.6 ശതമാനം വോട്ട് ലഭിച്ചു.
68 ശതമാനം പോളിങുണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. 2012ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് ശതമാനം കൂടുതലാണിത്. ബഹിഷ്‌കരണങ്ങളുണ്ടായിട്ടും എങ്ങനെയാണ് ഇത്തരമൊരു പോളിങ് ഉണ്ടായതെന്ന് വ്യക്തമല്ല. വോട്ടെടുപ്പ് സുതാര്യവും സത്യസന്ധവുമല്ലെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങളെല്ലാം. ഫലം വരുന്നതിന് മുമ്പ് തന്നെ പുടിന്‍ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്രെംലിന് സമീപം പുടിന് അനുയായികളെ അഭിസംബോധന ചെയ്യാനുള്ള വേദി പോലും ഒരുക്കിയാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷ നേതാവും മുഖ്യ എതിരാളിയുമായ അലെക്‌സി നാവല്‍നി മത്സരിക്കില്ലെന്ന് ഉറപ്പാക്കാന്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു. നാവല്‍നിയും മറ്റു പല രാഷ്ട്രീയപാര്‍ട്ടികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
ഫലപ്രഖ്യാപനത്തിനുശേഷം അനുയായികളെ അഭിസംബോധന ചെയ്ത പുടിന്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു. പ്രയാസങ്ങള്‍ നിറഞ്ഞ മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഉത്തരവാദിത്വത്തോടെയും തീവ്രമായും മുന്നോട്ടുപോകാന്‍ ജനവിധി ഊര്‍ജം നല്‍കുമെന്ന് പുടിന്‍ പ്രത്യാശിച്ചു. വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോളിങ് ശതമാനം കൂട്ടുന്നതിനുവേണ്ടി വോട്ടിങ് കേന്ദ്രങ്ങളില്‍ സംഗീത പരിപാടികളും കുറഞ്ഞ വിലക്ക് ഭക്ഷ്യവില്‍പ്പനയും സംഘടിപ്പിച്ചിരുന്നു.
- 7 years ago
chandrika
Categories:
Video Stories