X

റഷ്യ-യുക്രൈന്‍ പ്രശ്‌നം; ഇന്ത്യക്കാരെ എത്രയും വേഗത്തില്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് എം പി അബ്ദുസ്സമദ് സമദാനി

യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ എത്രയും വേഗത്തില്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും തലസ്ഥാനത്തും മറ്റു പ്രദേശങ്ങളിലും കഴിയുന്നവരെ അതിര്‍ത്തിയിലേക്ക് എത്തിക്കാനും അതു വരെയുള്ള ദിവസങ്ങളത്രയും അവര്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പുവരുത്താനുമുള്ള സംവിധാനങ്ങള്‍ ഭദ്രമാക്കണമെന്നും വിദേശകാര്യസഹമന്ത്രി വി. മുരളീധരനെ നേരില്‍ കണ്ട് ഡോ.എം പി അബ്ദുസ്സമദ് സമദാനി അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധമായ നിവേദനവും സമദാനി മന്ത്രിക്ക് നല്‍കി.

യുക്രൈന്‍ പ്രശ്‌നത്തില്‍ എടുത്തു വരുന്ന നടപടികള്‍ മന്ത്രി വിശദമായി വിവരിച്ചു. ക്രമേണ അവിടത്തെ സാഹചര്യത്തില്‍ അയവ് വന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളിലായി കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് രണ്ടാം തിയ്യതിയോടെ രണ്ടായിരത്തോളം പേര്‍ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. അടുത്ത ദിവസങ്ങളിലായി അവശേഷിക്കുന്നവരെയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് യുക്രൈനില്‍ കര്‍ഫ്യൂ പിന്‍വലിച്ചു കഴിഞ്ഞു. അതിര്‍ത്തി കേന്ദ്രങ്ങളിലേക്ക് തീവണ്ടികള്‍ ഓടുന്നുണ്ട്. അതില്‍ ടിക്കറ്റെടുക്കാതെത്തന്നെ ആദ്യം വരുന്നവര്‍ ആദ്യം എന്ന രീതിയില്‍ യാത്ര ചെയ്യാവുന്നതാണ്.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റഷ്യയിലുള്ള ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഉടനെ യുക്രൈന്‍ അതിര്‍ത്തിയിലെത്തി നമ്മുടെ നാട്ടുകാരുടെ മടക്കയാത്രക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അതിനായി റഷ്യ സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. യുക്രൈന്‍ ഗവണ്‍മെന്റും ഇന്ത്യക്കാരുടെ മടക്കയാത്രക്ക് വേണ്ട സഹായങ്ങള്‍ ചെയ്യും. മറ്റു അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഇക്കാര്യത്തില്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളുമായെല്ലാം ഇന്ത്യാ ഗവണ്‍മെന്റ് നിരന്തര സമ്പര്‍ക്കത്തിലാണെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കാര്യവും മന്ത്രിയുമായി പ്രത്യേകം ചര്‍ച്ച ചെയ്തു. അവരുടെയും കുടുംബാംഗങ്ങളുടെയും ആശങ്ക മന്ത്രിയുമായി പങ്ക് വെച്ചു കൊണ്ട് മടക്കയാത്ര വൈകും തോറും അവരുടെ സുരക്ഷിതമായ താമസവും കുടിവെള്ളവും ആഹാരവും പ്രശ്‌നമായിത്തീരുമെന്നും അതിന് മുമ്പേ അവരെ തിരിച്ചെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും മന്ത്രിയോട് സമദാനി ആവശ്യപ്പെട്ടു.

Test User: