മോസ്‌കോ : റഷ്യന്‍ ലോകകപ്പിന് സാന്നിദ്ധ്യമറിയിക്കാന്‍ പാകിസ്താനും. ലോകകപ്പിനുള്ള പന്ത് നിര്‍മ്മിച്ചു നല്‍കിയാണ് പാകിസ്താന്‍ ലോകഫുട്‌ബോള്‍ മാമാങ്കത്തിന് സാന്നിദ്ധ്യമറിയിക്കുന്നത്. സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസിന്റെ ടെല്‍ സ്റ്റാര്‍ എന്നു പേരു നല്‍കിയ ഫുട്‌ബോളാണ് വരുന്ന ലോകകപ്പിന് ഉപയോഗിക്കുന്നത്. പാകിസ്താനിലെ സിയാല്‍കോട്ട് സിറ്റി ഏറ്റവും നിലവാരമുള്ള സ്‌പോര്‍ട്‌സ് സാധനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തമാണ്, ഇവിടെ അഡിഡാസിസിന്റെ മോല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന പന്താവും ലോകകപ്പിന് ഉപയോഗിക്കുക.
നേരത്തെ 2014 ബ്രസില്‍ ലോകകപ്പിനും പന്തു നിര്‍മ്മിച്ചു നല്‍കിയതും സിയാല്‍കോട്ട് സിറ്റിയില്‍ നിന്നുതന്നെയായിരുന്നു. കൂടാതെ നിലവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ്, ജര്‍മ്മന്‍ ബുണ്ടസ് ലീഗ്, ഫ്രഞ്ച് ലീഗ് വണ്‍ എന്നീ മുന്‍നിര ലീഗുകളില്‍ ഉപയോഗിച്ചു വരുന്ന പന്തും ഇവിടെ നിന്നും നിര്‍മ്മിച്ചതാണ്.
വീണ്ടും ലോകകപ്പ് പോലെയുള്ള വലിയവേദിയില്‍ പന്തു നിര്‍മ്മിച്ചു നല്‍കുക എന്നത് വലിയ വെല്ലു വിളിയാണെങ്കിലും വളരെ സന്തോഷകരമായ കാര്യമാണ്. ഈ വര്‍ഷം 10 ദശലക്ഷം പന്തു നിര്‍മ്മിച്ച് അഡിഡാസിന് നല്‍കും. പാകിസ്താനെ സംബന്ധിച്ചിടതോളം ലോകകപ്പില്‍ യോഗ്യത നേടാനായില്ലെങ്കിലും പന്ത് നിര്‍മ്മിച്ചു നല്‍കുന്നതിലൂടെ തങ്ങളുടെ സാന്നിദ്ധ്യം ലോകകപ്പിലുണ്ടാവും. ഫുട്‌ബോള്‍ നിര്‍മ്മാണ കമ്പനി ചെയര്‍മാന്‍ കോജ മസൂദ് പറഞ്ഞു.