X

ഏഷ്യയിലേക്ക് വരാന്‍ റഷ്യ

മോസ്‌ക്കോ:യൂറോപ്പില്‍ മനം മടുത്ത റഷ്യ ഏഷ്യയിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. ഇത് വരെ യൂറോപ്പിന്റെ ഭാഗമായി പന്ത് തട്ടിയ റഷ്യക്ക് നിലവിലെ സാഹചര്യത്തില്‍ അവിടെ തുടരാന്‍ താല്‍പ്പര്യമില്ല. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ഭാഗമായി ഇവിടെ കളിക്കാനാണ് അവര്‍ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുക്രെയിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്ന യുവേഫയും ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫയും റഷ്യക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചിരിക്കയാണ്. ഖത്തര്‍ ലോകകപ്പിനുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ പ്ലേ ഓഫ് ബെര്‍ത്ത് നേടിയിരുന്നു റഷ്യ. എന്നാല്‍ യുക്രെയിന്‍ വിഷയത്തില്‍ റഷ്യക്കെതിരെ കളിക്കില്ലെന്ന് പ്രതിയോഗികളായ പോളണ്ട് നിലപാട് സ്വീകരിച്ചപ്പോള്‍ ഫിഫ അതിനൊപ്പം നിന്നു. അങ്ങനെ വാക്കോവറുമായി പോളണ്ട് പ്ലേ ഓഫ് ഫൈനലിന് യോഗ്യത നേടി. വന്‍കരയിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍സ് ലീഗില്‍ റഷ്യന്‍ ക്ലബുകളെ കളിപ്പിക്കില്ല എന്നാണ് യുവേഫ തീരുമാനം. റഷ്യന്‍ ക്ലബായ സ്പാര്‍ട്ടക് മോസ്‌ക്കോ യൂറോപ്പ ലീഗ് പ്രി ക്വാര്‍ട്ടറിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ യുദ്ധനയം അവിടെയും വില്ലനായി. ഈ സീസണില്‍ നടത്തുന്ന യൂറോപ്യന്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും റഷ്യക്ക് എന്‍ട്രിയില്ല. ഈ സാഹചര്യത്തില്‍ ഏഷ്യയിലേക്ക് മാറിയാല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യയില്‍ റഷ്യക്ക് നല്ല പിന്തുണക്കാരുണ്ടെന്നാണ് പറയപ്പെടുന്നത്. യുവേഫയില്‍ നിന്നും ലഭിക്കാത്ത പിന്തുണ ഏഷ്യയില്‍ കിട്ടുമെന്നും റഷ്യ കരുതുമ്പോള്‍ കാര്യങ്ങള്‍ എളുപ്പവുമല്ല. യുദ്ധ നയത്തില്‍ ലോകത്തിനൊപ്പമാണ് ഏഷ്യയും. യുക്രെയിനെതിരെ റഷ്യ നടത്തുന്ന അതിക്രമത്തില്‍ യൂറോപ്പിനോളം പ്രതിഷേധം ഏഷ്യയിലുമുണ്ട്. ഫിഫയെ ധിക്കരിച്ച് സംസാരിക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് കഴിയുകയുമില്ല.

Test User: