മോസ്‌കോ: ലോകം ആണവായുധങ്ങളില്ലാത്ത ഒരു ഭാവിയേപ്പറ്റി സ്വപ്‌നം കണ്ടുകൊണ്ടിരിക്കെ അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ. ശീതയുദ്ധം കത്തിനിന്ന സമയത്ത് 1961 ഒക്ടോബര്‍ 30ന് പരീക്ഷിച്ച ‘സാര്‍ ബോംബ’യുടെ ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിട്ടത്.ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ സാര്‍ ബോംബ എന്ന അണുബോബിന്റെ പരീക്ഷണമാണ് അന്ന് നടത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റഷ്യ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 30 മിനിറ്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം.
റഷ്യന്‍ ആണവ വ്യവസായം അതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതാപത്തിന്റെ തെളിവുകള്‍ റഷ്യ വീണ്ടും അനാവരണം ചെയ്യുന്നത്. ആര്‍ട്ടിക്കിലെ ബാരന്റ് കടലിലാണ് വിമാനത്തില്‍ നിന്ന് ഈ ബോംബ് പരീക്ഷിച്ചത്. 26.5 ടണ്‍ ഭാരമുള്ള ഈ ബോംബ് പൊട്ടിയപ്പോള്‍ അതിന്റെ ആഘാതം നിരീക്ഷിച്ചത് 162 മൈലുകള്‍ക്കപ്പുറത്ത് ബങ്കര്‍ ഉണ്ടാക്കി അതിനുള്ളില്‍ നിന്നായിരുന്നു. ഭൂനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തില്‍ വെച്ചാണ് സ്‌ഫോടനം നടത്തിയത്. നിലവിലെ സകല സംഹാര ആയുധങ്ങളേയും നിഷ്ഫലമാക്കുന്ന സ്‌ഫോടനമാണ് തുടര്‍ന്ന് നടന്നത്. ഏതാണ് 50 മെഗാടണ്‍ ശേഷിയുള്ള സ്‌ഫോടനമാണ് അന്ന് നടന്നത്.
സാര്‍ ബോബ പൊട്ടിത്തെറിക്കുന്നതോടെ ആ സ്ഥലത്ത് റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകും. ഇതിന്റെ പ്രകമ്പനം എമ്പാടുമെത്തും. അത്ര ഭീകരമായ അവസ്ഥയാണ് സാര്‍ ബോംബ ഉണ്ടാക്കുക. ബോംബ് പൊട്ടി 40 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭീമാകാരമായ തീഗോളവും തുടര്‍ന്ന് കൂറ്റന്‍ പുകമേഘം കൂണുപോലെ മുകളിലേക്ക് ഉയരുന്നതും റഷ്യ പുറത്തുവിട്ട വീഡിയോയിലുണ്ട്. 100 മൈലുകള്‍ക്കപ്പുറത്ത് സ്ഥാപിച്ച ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആറ് ദശകത്തോളമായി ഈ ബോംബിന്റെ വീഡിയോ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അമേരിക്ക തെര്‍മോ ന്യൂക്ലിയര്‍ ബോംബ് പരീക്ഷിച്ചതിന് ബദലായി ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും ഒരു അണുബോംബ് നിര്‍മിച്ചു. ഇവാന്‍ എന്നായിരുന്നു അതിന്റെ പേര്. 1954ലാണ് അമേരിക്ക 15 മെഗാടണ്‍ ശേഷിയുള്ള കാസ്റ്റല്‍ ബ്രാവോ എന്ന ബോംബ് മാര്‍ഷല്‍ ദ്വീപുകളില്‍ പരീക്ഷിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ അണുബോംബുകളേക്കാളും ഭീകരനായിരുന്നു കാസ്റ്റല്‍ ബ്രാവോ. അമേരിക്കയ്ക്ക് മുന്നില്‍ തലഉയര്‍ത്തിപ്പിടിക്കാന്‍ ഏഴ് വര്‍ഷം നീണ്ട പരിശ്രമത്തെ തുടര്‍ന്നാണ് സാര്‍ ബോംബയെന്ന് പടിഞ്ഞാറന്‍ ലോകം വിശേഷിപ്പിച്ച ഇവാന്‍ എന്ന ബോംബ് സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചത്.
ഇതിന്റെ പരീക്ഷണത്തിന് പിന്നാലെ 1963ല്‍ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ആണവ ബോബ് പരീക്ഷണത്തിനെതിരായ കരാറില്‍ ഒപ്പുവെച്ചതോടെയാണ് ലോകം ആശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ത്തിയത്. ലോകം സാര്‍ ബോംബയെന്ന് വിശേഷിപ്പിക്കുമ്പോള്‍ റഷ്യ ഇതിനെ ഇവാന്‍ എന്നാണ് വിളിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും വലിയ അണുബോബ് പരീക്ഷണമായിരുന്നു സാര്‍ ബോംബയുടേത്. ഹൈഡ്രജന്‍ ഫ്യൂഷന്‍ ബോംബാണ് ഇത്.