X

‘ആത്മനിര്‍ഭര്‍ എന്താണെന്ന് റഷ്യ കാണിച്ചു തന്നു, നമ്മള്‍ ഇപ്പോഴും പ്രസംഗിക്കുന്നു’; കേന്ദ്രത്തിനെതിരെ ശിവസേന

മുംബൈ: റഷ്യയുടെ കൊവിഡ് 19 വാക്സിൻ ഗവേഷണം മുൻനിര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്(സ്വയംപര്യാപ്ത ഭാരതം) മുദ്രാവാക്യത്തെ കടന്നാക്രമിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. ആദ്യ കൊവിഡ് വാക്സിൻ പുറത്തിറക്കി ആത്മനിര്‍ഭര്‍ (സ്വയംപര്യാപ്തത) എന്താണെന്ന് റഷ്യ കാണിച്ചു തന്നെന്നും എന്നാൽ ഇന്ത്യയിൽ സംസാരത്തിൽ മാത്രമാണ് സ്വയംപര്യാപ്തതയെന്നും അദ്ദേഹം പരിഹസിച്ചു.

ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതുന്ന കോളത്തിലായിരുന്നു സഞ്ജയ് റാവത്തിൻ്റെ വിമര്‍ശനം. കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചതിന് റഷ്യയെ അഭിനന്ദിച്ച റാവത്ത്, ഇത് സൂപ്പര്‍ പവര്‍ ആയിരിക്കുന്നതിന്റെ സൂചനയാണെന്നും പറഞ്ഞു. ‘അമേരിക്കയുമായി പ്രണയത്തിലായതിനാല്‍’ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റഷ്യയുടെ ഉദാഹരണം പിന്തുടരില്ലെന്നും റാവത്ത് പരിഹസിച്ചു.

ഇന്ത്യയിൽ കൊവിഡ് വാക്സിൻ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മൂന്ന് വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്ത് ഇറക്കുമതിയിലുള്ള ആശ്രയം പരമാവധി കുറയ്ക്കാനായി ആത്മനിര്‍ഭര്‍ പദ്ധതിയ്ക്ക് ഊന്നൽ നല്‍കിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് രംഗത്തെത്തുന്നത്.

റഷ്യയുടെ വാക്സിന്‍ നിയമവിരുദ്ധമാണെന്ന് തെളിയിക്കാന്‍ ലോകമെമ്പാടും ശ്രമം നടക്കുമ്പോള്‍, വാക്സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ മകള്‍ക്ക് നല്‍കാന്‍ പുടിന്‍ തയ്യാറായത്‌രാജ്യത്ത് ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും റാവത്ത് പറഞ്ഞു. അതേസമയം, കോവിഡ് സ്ഥിരീകരിച്ച അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ഹസ്തദാനം നല്‍കിയ മോദി ക്വാറിന്റീനില്‍ പോകുവാന്‍ തയാറാകുമോയെന്നും ശിവസേന നേതാവ്‌ ചോദിച്ചു.

ചൊവ്വാഴ്ചയാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്സിന്‍ വികസിപ്പിച്ച കാര്യം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. തന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ വാക്സിന്‍ സ്വീകരിച്ചതായും പുടിന്‍ വെളിപ്പെടുത്തിയിരുന്നു. ലോകത്ത് കൊവിഡ്-19നെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ വാക്‌സിനാണ് റഷ്യന്‍ സര്‍ക്കാര്‍ കമ്പനി വികസിപ്പിച്ച സ്പുട്‌നിക് വി. എന്നാല്‍ വാക്‌സിന്‍ ഗവേഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വിടുകയോ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കുകയോ ചെയ്യാത്ത റഷ്യന്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യ ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തികളുമായി മുന്നോട്ട് നീങ്ങുകയാണ് റഷ്യ.

അതേസമയം, യുകെയിലെ ആസ്ട്രസെനക്കയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. യുഎസ് കമ്പനിയായ മോഡേണ വികസിപ്പിച്ച വാക്‌സിന്‍ നവംബര്‍ മൂന്നോടു കൂടി പുറത്തിറങ്ങിയേക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍.

 

chandrika: