മോസ്‌കോ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്.
സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി റഷ്യന്‍ സൈന്യം നടത്തിയ പത്തു മിനിറ്റ് നേരത്തെ വ്യോമാക്രമണത്തിലാണ് ബഗ്ദാദി ഉള്‍പ്പെടെ 330ഓളം പേര്‍ മരിച്ചത്.
റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നത്.
എന്നാല്‍ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് യുഎസ് സഖ്യസേനയുടെ വക്താവ് അറിയിച്ചു. വാര്‍ത്തക്ക് സ്ഥിരീകരണമില്ലെന്നും വിഷയം പരിശോധിച്ചുവരികയാണെന്നും ഐഎസിനെതിരെ പൊരുതുന്ന കേണല്‍ ജോണ്‍ ഡോറിയാന്‍ പ്രതികരിച്ചു. അതേസമയം ബഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് സിറിയന്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടില്ല.
വടക്കന്‍ സിറിയയിലെ ഐഎസ് ആസ്ഥാനമായ റാഖയില്‍ നടന്ന ഐഎസ് സൈനിക യോഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാകമണം. ഐഎസ് നേതൃത്വത്തിലെ പ്രമുഖര്‍ സംബന്ധിച്ച ഈ യോഗത്തില്‍ ബഗാദാദിയും പങ്കെടുത്തതായാണ് വിവരം. യോഗത്തിന് സുരക്ഷ നല്‍കിയ ഐ.എസിന്റെ 30 കമാന്‍ഡര്‍മാരും റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. കൊല്ലപ്പെട്ട 330 പേരില്‍ ബഗ്ദാദിയും ഉള്‍പ്പെട്ടതായ സംശയമാണ് റഷ്യന്‍ മന്ത്രാലയം പുറത്തുവിട്ടത്.
യുഎസ് വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായ വാര്‍ത്ത മുന്‍പും പലവട്ടം പ്രചരിച്ചിരുന്നു. ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയെന്നും ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, 2014ലാണ് ഐഎസ് തലവന്‍ ബാഗ്ദാദിയുടെ ദൃശ്യങ്ങള്‍ അവസാനമായി പുറത്തുവന്നത്. കറുത്ത വസ്ത്രത്തില്‍ ഐഎസ് പോരാളികളെ അഭിസംബോധന ചെയ്യുന്ന ബാഗ്ദാദിയുടെ ദൃശ്യമാണ് പുറത്തുവന്നത്. എന്നാല്‍ ബഗ്ദാദി എവിടെയാണന്നതിനെ സംബന്ധിച്ച വ്യക്തമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.