X
    Categories: Newsworld

ചായയില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് സംശയം; റഷ്യന്‍ പ്രതിപക്ഷ നേതാവ് കോമയില്‍

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോമയിലുള്ള അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിഷബാധയേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില വഷളായതെന്ന് സംശയിക്കുന്നതായി അലക്‌സിയുടെ വക്താവ് കിര യര്‍മിഷ് ട്വീറ്റ് ചെയ്തു.

സൈബീരിയന്‍ നഗരമായ ടോംസ്‌ക്കില്‍നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് നാല്‍പത്തിനാലുകാരനായ അലക്‌സി നവാല്‍നിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനം അടിയന്തരമായി ഓംസ്‌ക്കില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് എയര്‍പോര്‍ട്ട് കഫേയില്‍നിന്ന് ഒരു കട്ടന്‍ചായ മാത്രമാണ് അലക്‌സി കുടിച്ചതെന്ന് കിര റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇതില്‍ ആരെങ്കിലും വിഷം കലര്‍ത്തി നല്‍കിയതായിരിക്കാം. ചൂടുള്ള ദ്രാവകത്തിലൂടെ വിഷവസ്തു വേഗത്തില്‍ ശരീരത്തിലെത്തുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായും അവര്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനാണ് അലക്‌സി നവാല്‍നി.

ഓംസ്‌ക് എമര്‍ജന്‍സി ഹോസ്പിറ്റല്‍ നമ്പര്‍ 1ലെ വിഷബാധ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അലക്‌സിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അലക്‌സിയുടെ നേതൃത്വത്തിലുള്ള സംഘടനയായ എഫ്ബികെ റഷ്യന്‍ അന്വേഷണ കമ്മിറ്റിയെ സമീപിച്ചു. അലക്‌സിയുടെ രാഷ്ട്രീയ നിലപാടും പ്രവര്‍ത്തനങ്ങളും മൂലം അദ്ദേഹത്തിന് വിഷം നല്‍കിയതാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് എഫ്ബികെ അധികൃതര്‍ ആരോപിച്ചു.

Test User: