മോസ്‌കോ: സൈബീരിയയിലെ ഷോപ്പിങ് മാളില്‍ വന്‍ അഗ്നിബാധ. 64 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 10 പേരെക്കുറിച്ച് വിവരമില്ല. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 3600 കിലോമീറ്റര്‍ കിഴക്ക് മാറി കെമെറോവോ നഗരത്തിലെ വിന്റര്‍ ചെറി കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്.
സ്‌കൂള്‍ അവധി ദിനത്തില്‍ വന്‍ തിരക്കുള്ള സമയത്താണ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം അഗ്നി വിഴുങ്ങിയത്. അപകട കാരണം വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ ഭരണകൂടം അറിയിച്ചു. ഷോപ്പിങ് കോംപ്ലക്‌സിന്റെ മാനേജര്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അഗ്നിബാധയെക്കുറിച്ച് മാളിനുള്ളിലെ ആളുകള്‍ അറിയാന്‍ വൈകിയതാണ് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചത്. തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ച ശേഷമാണ് അഗ്നിശമന സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയത്.
രണ്ട് സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന മുകളിലത്തെ നിലയുടെ മേല്‍ക്കൂര നിലംപൊത്തിയത് മരണസംഖ്യ ഉയരാന്‍ ഇടയാക്കി. തീപടര്‍ന്നതോടെ ജനല്‍വഴി ആളുകള്‍ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. 660ലധികം അഗ്നിശമന സേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കെട്ടിടത്തിലെ കുട്ടികളുടെ പാര്‍ക്കില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നതായി മേഖലാ ഡപ്യൂട്ടി ഗവര്‍ണര്‍ വഌഡിമര്‍ ചെര്‍ണോവ് പറഞ്ഞു. അതേസമയം ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നതായി റഷ്യ 24 ടി.വി റിപ്പോര്‍ട്ട് ചെയ്തു.