ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ സമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കി. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് രാജ്യത്ത് നടത്തുന്ന യുദ്ധകുറ്റങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനാണ് റഷ്യ സമിതിയില്‍ നിന്ന് പുറത്തായത്. 193 അംഗ പൊതുസഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ റഷ്യക്ക് 112 വോട്ടു മാത്രമാണ് ലഭിച്ചത്. ക്രൊയേഷ്യയോട് രണ്ടും ഹംഗറിയോട് 32ഉം വോട്ടിനാണ് റഷ്യ പിന്തള്ളപ്പെട്ടത്. 2006ല്‍ മനുഷ്യാവകാശ സമിതി നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായാണ് റഷ്യക്കു തിരിച്ചടി നേരിടുന്നത്.
സിറിയന്‍ ജനതക്കുമേല്‍ അസദ് നടത്തുന്ന ക്രൂരതകള്‍ അപലപനീയമാണെന്നും അസദിനെ പിന്തുണക്കുന്ന റഷ്യയെ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും നേരത്തെ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 87 മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റഷ്യയുടെ സമിതി അംഗത്വത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.
47 അംഗ യു.എന്‍ മനുഷ്യാവകാശ സമിതിയിലേക്ക് 14 രാജ്യങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടു. സമാനരീതിയില്‍ 2001ല്‍ അമേരിക്കയും മനുഷ്യാവകാശ സമിതിയില്‍ നിന്ന് പുറത്തായിരുന്നു. സഊദി, ഇറാഖ്, ഈജിപ്ത്, ബ്രസീല്‍, അമേരിക്ക, ബ്രിട്ടന്‍, ചൈന, റുവാണ്ട, ക്യൂബ, ജപ്പാന്‍, തുണീഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മനുഷ്യാവകാശ സമിതിയില്‍ അംഗങ്ങളായിട്ടുള്ളത്.