X

സിറിയന്‍ തീരത്തുവെച്ച് റഷ്യന്‍ യുദ്ധവിമാനം കാണാതായി

ദമസ്‌കസ്: പതിനാല് ജീവനക്കാരുമായി മോസ്‌കോയില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ തീരത്തു വെച്ച് കാണാതായി. ഇന്നലെ പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഐ.എല്‍20 യുദ്ധവിമാനവുമായുള്ള ബന്ധമാണ് നഷ്ടമായത്.

സിറിയന്‍ തീരത്തുനിന്ന് 35 കിലോമീറ്റര്‍ അകലെ വെച്ചാണ് ഐ എല്‍ 20 യുദ്ധവിമാനവുമായുള്ള ബന്ധം നഷ്ടമായത്. കഹാമിം എയര്‍ബേസില്‍നിന്ന് തിരിച്ചു വരുന്ന വഴിയാണ് സംഭവം. സിറിയയിലെ ലതാകിയ പ്രവിശ്യയില്‍ ഇസ്രാഈലിന്റെ നാല് എഫ് 16 യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നതിനിടെയാണ് തങ്ങളുടെ വിമാനം കാണാതായതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

വിമാനത്തിലുണ്ടായിരുന്ന 14 ജീവനക്കാരെ കുറിച്ച് വിവരമൊന്നുമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇസ്രാഈലിന്റെ ആക്രമണം ചെറുക്കുന്നതിനിടെ റഷ്യന്‍ യുദ്ധവിമാനം സിറിയ വെടിവച്ചിടുകയായിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേണ വിഭാഗത്തെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് സിറിയന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

chandrika: