മോസ്‌കോ: യുക്രെയ്‌നില്‍ മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ റഷ്യക്ക് 28,000 സൈനികരെ നഷ്ടപ്പെട്ടതായി യു.എസ്. ഏഴായിരത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും 21,000ത്തോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എസ് പ്രതിരോധ വിഭാഗം അറിയിച്ചു.
നാറ്റോയുടെ പരോക്ഷ സഹായത്തോടെ യുക്രെയ്ന്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് പല സ്ഥലങ്ങളിലും റഷ്യന്‍ മുന്നേറ്റത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. ഷെല്‍വര്‍ഷം തുടരുന്നുണ്ടെങ്കിലും റഷ്യന്‍ സേനക്ക് പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല.
അതേസമയം റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മരിയുപോള്‍ നഗരത്തില്‍ മാത്രം രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്നലെ കിഴക്കന്‍ മേഖലയില്‍ 21 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാര്‍കീവ് നഗരത്തിന് പുറത്ത് ഒരു സ്‌കൂളിനും സാംസ്‌കാരിക കേന്ദ്രത്തിനുനേരെയും ഷെല്‍വര്‍ഷമുണ്ടായി. ഇതില്‍ പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. അതേസമയം യുക്രെയ്‌നില്‍നിന്ന് അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ്. യുദ്ധം തുടങ്ങിയ ശേഷം 1.87 ലക്ഷം പേര്‍ രാജ്യത്ത് എത്തിയതായി ജര്‍മനി അറിയിച്ചു.