കീവ്: പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് യുക്രെയ്ന്‍ യുദ്ധം വഴിമാറിയേക്കുമെന്ന ഭീതിക്കിടെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് മോസ്‌കോയിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്തിയ അദ്ദേഹം എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു. മരിയുപോളില്‍ കുടുങ്ങിയ പതിനായിരങ്ങളെ ഒഴിപ്പിക്കുന്നതിന് റഷ്യയെ പ്രേരിപ്പിക്കാന്‍ യുക്രെയ്ന്‍ ഭരണകൂടം ഗുട്ടിറസിന്റെ സഹായം തേടി.
യു.എന്‍ സെക്രട്ടറി ജനറലിന്റെ റഷ്യന്‍ യാത്രയെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി വിമര്‍ശിച്ചിരുന്നു. പാശ്ചാത്യ ശക്തികള്‍ യുക്രെയ്‌നെ ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതിനെതിരെ റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തുനിന്നുള്ള ഇടപെടല്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് ലാവ്‌റോവ് വ്യക്തമാക്കി.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുക്രെയ്‌ന് നല്‍കുന്ന ആയുധങ്ങള്‍ ആക്രമിച്ച് തകര്‍ക്കും. യുക്രെയ്‌ന് സൈനിക സഹായം നല്‍കുന്നത് യു.എസ് ഇനിയെങ്കിലും അവസാനിപ്പിക്കണം. സമാധാന ചര്‍ച്ചകളെല്ലാം ഏകപക്ഷീയമാണ്. യുക്രെയ്‌നെ മുന്നില്‍നിന്ന് നാറ്റോയാണ് യുദ്ധം ചെയ്യുന്നത്. ആയുധങ്ങള്‍ അയച്ചുകൊടുത്ത്് എരിതീയില്‍ എണ്ണയൊഴിക്കരുത്. സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള നീക്കം അപലപനീയമാണ്. സെലന്‍സ്‌കി നല്ലൊരു നടനാണെന്നും ലാവ്‌റോവ് പറഞ്ഞു.
അതേസമയം യുക്രെയ്‌ന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ സേന ആക്രമണം തുടരുകയാണ്. ഡോണെസ്‌കിലുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മേഖലാ ഗവര്‍ണര്‍ അറിയിച്ചു. യുദ്ധഭൂമിയില്‍നിന്ന് അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ് ഈവര്‍ഷം 80 ലക്ഷം പേര്‍ കൂടി പലായനം ചെയ്‌തേക്കുമെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന് ശേഷം 12.7 ദശലക്ഷം പേര്‍ അഭയാര്‍ത്ഥികളായിട്ടുണ്ട്. അഞ്ച് ദശലക്ഷം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് കടന്നപ്പോള്‍ 7.7 ദശലക്ഷം പേര്‍ രാജ്യത്തിനകത്ത് അരക്ഷിതരായി കഴിയുകയാണ്.