X

ഒറ്റപ്പെട്ട് റഷ്യ

 

മോസ്‌കോ: ബ്രിട്ടനില്‍ മുന്‍ ഇരട്ടച്ചാരനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്യന്‍ യൂണിയനിലെ 17 രാജ്യങ്ങളും റഷ്യന്‍ അംബാസഡര്‍മാരെ പുറത്താക്കി. സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും യു.എസ് തീരുമാനിച്ചിട്ടുണ്ട്. വിഷബാധയേറ്റ് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലും മകളും ബ്രിട്ടീഷ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയവെ അന്താരാഷ്ട്ര വേദിയില്‍ റഷ്യ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ റഷ്യ തന്നെയാണെന്ന് ബ്രിട്ടന് പുറമെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നു. അമേരിക്ക പുറത്താക്കിയ റഷ്യന്‍ നയതന്ത്രജ്ഞരില്‍ ഭൂരിഭാഗം പേരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ്. യു.എസ് നടപടി തെറ്റായിപ്പോയെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റോനോവ് പറഞ്ഞു. യു.എസ്-റഷ്യ ബന്ധത്തില്‍ അവശേഷിക്കുന്നതും നശിപ്പിക്കുകയാണ് അമേരിക്കയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമില്ലാത്ത നോര്‍വെ, അല്‍ബേനിയ, മാസിഡോണിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പോളണ്ട്, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ റഷ്യയില്‍നിന്ന് പിന്‍വലിച്ചു. കാനഡ നാല് റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി. റഷ്യയുടെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചു. നയതന്ത്രജ്ഞരെ പുറത്താക്കുകയും സിയാറ്റിലിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടുകയും ചെയ്തതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലെ ഏത് യു.എസ് കോണ്‍സുലേറ്റാണ് അടക്കേണ്ടതെന്ന് വ്യക്തമാക്കാന്‍ അമേരിക്കയിലെ റഷ്യന്‍ എംബസി ട്വിറ്റര്‍ ഫോളോവര്‍മാരോട് ആവശ്യപ്പെട്ടു. മോസ്‌കോയിലെ എംബസിക്കു പുറമെ, അമേരിക്കക്ക് റഷ്യയില്‍ മൂന്ന് കോണ്‍സുലേറ്റുകളുണ്ട്. സ്‌ക്രീപലിനും മകള്‍ക്കും നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ബ്രിട്ടനും അമേരിക്കയുമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മറിയ സഹറോവ ആരോപിച്ചു. വിഷപ്രയോഗത്തില്‍ റഷ്യക്ക്ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അന്താരാഷ്ട്രതലത്തില്‍ അത് വീണ്ടും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.

chandrika: