X

60 യുഎസ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി

 

മോസ്‌കോ: റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനു നേരെയുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നാലെ റഷ്യയും ലോകരാഷ്ട്രങ്ങളും തമ്മില്‍ ഇടയുന്നു. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ ഇന്നലെ പുറത്താക്കി. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയുടെ നടപടിക്ക് മറുപടിയായാണ് റഷ്യയുടെ പുതിയ നീക്കം. രാസായുധ ആക്രമണത്തില്‍ മുന്‍ റഷ്യന്‍ ചാരനെയും മകളെയും വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ബ്രിട്ടനും യുഎസും അടക്കമുള്ള രാജ്യങ്ങള്‍ റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതിനെ തുടര്‍ന്നാണ് റഷ്യയുടെ തിരിച്ചടി.
യുഎസ് എംബിസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മോസ്‌കോയിലെ 58 നയതന്ത്രജ്ഞരോടും യക്കാര്‍തിന്‍ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥരോടുമാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നയതന്ത്രജ്ഞര്‍ ഏപ്രില്‍ അഞ്ചിനു മുന്‍പ് രാജ്യം വിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ യുഎസ് സ്ഥാനപതി കാര്യാലയം അടച്ചു പൂട്ടാനും ഉദ്യോഗസ്ഥരോട് രാജ്യം വിടാനും റഷ്യ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു മുതല്‍ പ്രവര്‍ത്തിക്കരുതെന്നാണ് റഷ്യയുടെ നിര്‍ദേശം. കഴിഞ്ഞ 14ന് 23 റഷ്യന്‍ നയതന്ത്രജ്ഞരെ ബ്രിട്ടണ്‍ പുറത്താക്കിയിരുന്നു. രാസായുധ പ്രയോഗത്തെ തുടര്‍ന്നായിരുന്നു ബ്രിട്ടന്റെ നടപടി.
റഷ്യയുടെ ഈ നീക്കത്തോടെ അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളായതായി യുഎസ് പ്രതികരിച്ചു. റഷ്യയുടെ നടപടി അപ്രതീക്ഷിതമായിരുന്നു എന്നും ഇത് അമേരിക്ക വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഒരു ന്യായീകരണവുമില്ലാത്ത നടപടിയാണ് റഷ്യയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് യുഎസ് വക്താവ് ഹെര്‍തര്‍ ന്യുവാര്‍ട്ട് പറഞ്ഞു.
രാസായുധ പ്രയോഗത്തിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. ഇതിനുള്ള ശക്തമായ തെളിവുകളുണ്ട്. ഇരുവരും അപകടനില തരണം ചെയ്തതായും അവര്‍ വ്യക്തമാക്കി. അതേസമയം, റഷ്യക്കെതിരായി മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അമേരിക്കയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗേയ് ലാവ്‌റോവ് ആരോപിച്ചു.
മാര്‍ച്ച് നാലിന് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകളെയും ബ്രിട്ടണിലെ സോള്‍സ്ബ്രിയില്‍ രാസപ്രയോഗത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് അമേരിക്ക ആരോപിക്കുന്നത്. തുടര്‍ന്നാണ് 25 രാജ്യങ്ങള്‍ റഷ്യന്‍ നയന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം റഷ്യ തള്ളിക്കളഞ്ഞു.

chandrika: