സമാറ: ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളിന് വീഴ്ത്തി ഉറുഗ്വേ ലോകകപ്പ് ഗ്രൂപ്പ എ ജേതാക്കളായി. ആദ്യരണ്ട് മത്സരങ്ങളോടെ തന്നെ രണ്ടാം റൗണ്ടില്‍ ഇടമുറപ്പിച്ചിരുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി എന്നിവരുടെ ഗോളുകളും ഡെനിസ് ചെറിഷേവിന്റെ ഓണ്‍ഗോളുമാണ് ദക്ഷിണ അമേരിക്കക്കാര്‍ക്ക് വ്യക്തമായ വിജയമൊരുക്കിയത്. ഇതേഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ ഈജിപ്തിനെ 2-1 ന് തോല്‍പ്പിച്ച് സഊദി അറേബ്യ മാന്യമായി ലോകകപ്പില്‍ നിന്നു വിടവാങ്ങി. 1994-നു ശേഷം ഇതാദ്യമായാണ് സഊദി ലോകകപ്പില്‍ ഒരു മത്സരം വിജയിക്കുന്നത്.
സൗദിക്കെതിരെ അഞ്ചു ഗോളിനും ഈജിപ്തിനെതിരെ 3-1 നും വിജയിച്ച റഷ്യക്ക് ഉറുഗ്വേയുടെ സമഗ്ര ഫുട്‌ബോളിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പത്താം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്ന് ലൂയിസ് സുവാരസാണ് ആദ്യമായി ലക്ഷ്യം കണ്ടത്. 23-ാം മിനുട്ടില്‍ ഉറുഗ്വേ താരത്തിന്റെ ഷോട്ട് ചെറിഷേവിന്റെ കാലില്‍ തട്ടി വഴിമാറി വലയിലെത്തിയതോടെ ആതിഥേയര്‍ രണ്ടു ഗോളിന് പിന്നിലായി. 36-ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഇഗോര്‍ സ്‌മോൡങ്കോവിന് മൈതാനം വിടേണ്ടിവന്നതും റഷ്യക്ക് തിരിച്ചടിയായി.
നിരവധി മികച്ച അവസരങ്ങള്‍ ല‘ിച്ചെങ്കിലും ഗോളാക്കുന്നതില്‍ വിഷമിച്ച കവാനി ഇഞ്ച്വറി ടൈമിലാണ് ഗോളടിച്ചത്. റഷ്യന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഗോള്‍കീപ്പര്‍ അകിന്‍ഫീവ് തടഞ്ഞിട്ട ഷോട്ട് വലയിലേക്ക് തട്ടിയാണ് കവാനി ഈ ലോകകപ്പിലെ തന്റെ ആദ്യഗോള്‍ നേടിയത്. മൂന്ന് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഉറുഗ്വേ താരമെന്ന റെക്കോര്‍ഡ് സുവാരസ് സ്വന്തമാക്കിയപ്പോള്‍ അതേ മത്സരത്തില്‍ തന്നെ കവാനിയും ആ നാഴികക്കല്ല് പിന്നിട്ടു.
ആഫ്രിക്കന്‍ കരുത്തരായ ഈജിപ്തിനെതിരെ മികച്ച പോരാട്ടവീര്യം പുറത്തെടുത്താണ് സൗദി വിജയവുമായി മടങ്ങിയത്. 22-ാം മിനുട്ടില്‍ മുഹമ്മദ് സലാഹ് തന്റെ രണ്ടാം ലോകകപ്പ് ഗോളോടെ ഈജിപ്തിനെ മുന്നിലെത്തിച്ചിരുന്നു. 41-ാം മിനുട്ടില്‍ ല‘ിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സൗദി താരം ഫഹദ് അല്‍ മുവല്ലദ് പരാജയപ്പെട്ടപ്പോള്‍ ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ സല്‍മാന്‍ അല്‍ ഫറജ് പെനാല്‍ട്ടിയിലൂടെ തന്നെ പച്ചക്കുപ്പായക്കാരെ ഒപ്പമെത്തിച്ചു. ലോകകപ്പില്‍ ആദ്യപകുതിയില്‍ ഏറ്റവും വൈകി ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ അല്‍ഫറജിന്റെ പേരിലായി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഇഞ്ച്വറി ടൈമിലാണ് സൗദി വിജയഗോള്‍ കണ്ടെത്തിയത്. അബ്ദുല്ല ഒതയ്ഫിന്റെ പാസില്‍ നിന്ന് ക്ലോസ്‌റേഞ്ചില്‍ നിന്ന് ഷോട്ടുതിര്‍ത്ത് സാലിം അല്‍ദൗസരിയാണ് ഗോളടിച്ചത്.
നേരത്തെ, ഈജിപ്ത് ഗോള്‍കീപ്പര്‍ എസ്സാം അല്‍ ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനെന്ന റെക്കോര്‍ഡ് (45 വര്‍ഷം 161 ദിവസം) നേടിയിരുന്നു. രണ്ടാം റൗണ്ട് പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ഈജിപ്ത് മൂന്നു കളിയും തോറ്റ് മടങ്ങിയപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് സൗദി നാട്ടിലേക്ക് മടങ്ങുന്നത്.