കീവ്: കിഴക്കന്‍ യുക്രെയ്‌നില്‍ നാല് പ്രമുഖ മേഖലകളെ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം റഷ്യന്‍ സേന ആക്രമണവും ശക്തമാക്കി. കഴിഞ്ഞ ദിവസം സപോരിജിയയിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്ന് വയസുള്ള കുട്ടിയടക്കം 12 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
സപോരിജിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ആണവ ബ്ലാക്ക്‌മെയ്‌ലിങ്ങിലൂടെ പരാജയപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. യുദ്ധത്തില്‍ റഷ്യക്കാര്‍ ആണവായുധം പ്രയോഗിക്കുന്നില്ല. പക്ഷെ, ആണവ നിലയത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ജനങ്ങളെ ഇരുട്ടിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുക്രെയ്ന്‍ അധിനിവേശം തുടങ്ങി അധികം വൈകാതെ തന്നെ റഷ്യന്‍ സേന സപോരിജിയ നിലയം പിടിച്ചെടുത്തിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ സുരക്ഷ വിലയിരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി യുക്രെയ്‌നില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യയില്‍നിന്ന് ജര്‍മനിയിലേക്കും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും പ്രകൃതി വാതകമെത്തിക്കുന്ന നോര്‍ദ് സ്ട്രീം 1, 2 പൈപ്പ് ലൈനുകളിലെ ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തില്‍ റഷ്യയെ പങ്കെടുപ്പിക്കുന്നില്ല. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന അന്വേഷണത്തിലേക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
അന്വേഷണത്തില്‍ റഷ്യയെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നയതന്ത്ര ചാനലുകളിലൂടെ അവര്‍ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോര്‍ച്ചക്ക് പിന്നില്‍ വലിയ അട്ടിമറിയുണ്ടെന്നാണ് സ്വീഡിഷ് പൊലീസിന്റെ റിപ്പോര്‍ട്ട്. പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനമാണ് ചോര്‍ച്ചക്ക് കാരണമെന്ന് സംശയിക്കുന്നു. അന്വേഷണത്തിനിടെ കണ്ടെടുത്ത ചില സാമഗ്രികള്‍ പരിശോധിച്ചുവരികയാണ്.