X
    Categories: Newsworld

മരിയുപോള്‍ നഗരം പിടിച്ചെടുത്തെന്ന അവകാശ വാദവുമായി റഷ്യ

കീവ്: യുക്രെയ്‌നിലെ തന്ത്രപ്രധാന നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അവകാശപ്പെട്ടു. മരിയുപോളിനെ ‘സ്വതന്ത്രമാക്കിയ’തായി അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ സൈനികരും നൂറുകണക്കിന് സാധാരണക്കാരും കുടുങ്ങിക്കിടക്കുന്ന അസോവ്‌സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റിലേക്ക് പെട്ടെന്ന് ഇരച്ചുകയറരുതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് പുടിന്‍ നല്‍കിരിക്കുന്ന നിര്‍ദേശം. പകരം സ്റ്റീല്‍ പ്ലാന്റിന് ചുറ്റും ഉപരോധം തുടരും. ‘സ്റ്റീല്‍ പ്ലാന്റിലേക്ക് റഷ്യന്‍ സേന കടക്കേണ്ടതില്ല. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപ്പെടാന്‍ പാടില്ല’-പുടിന്‍ ഉത്തരവിട്ടു.

ആയുധം വെച്ച് കീഴടങ്ങാന്‍ യുക്രെയ്ന്‍ സൈനികരോട് അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യ അവരോട് മാന്യമായി പെരുമാറും. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കും-പുടിന്‍ ഉറപ്പുനല്‍കി. പ്ലാന്റില്‍ രണ്ടായിരത്തോളം സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസമായി നഗരത്തില്‍ തുടരുന്ന ആക്രമണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ പറയുന്നു.

പരിക്കേറ്റ 500ഓളം സൈനികരെയും ആയിരത്തോളം സാധാരണക്കാരെയും ഒഴിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്ന് യുക്രെയ്ന്‍ ഉപ പ്രധാനമന്ത്രി റഷ്യയോട് ആവശ്യപ്പെട്ടു. അസോവ്‌സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റിന്റെ കാര്യത്തില്‍ ഇടപെട്ട് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. യുദ്ധത്തില്‍ മരിയുപോള്‍ നഗരം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നേരത്തെ യുക്രെയ്‌നില്‍നിന്ന് പിടിച്ചെടുത്ത ക്രീമിയയിലേക്കും കിഴക്കന്‍ മേഖലയില്‍ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കും ഇതുവഴി റഷ്യക്ക് ബന്ധപ്പെടാന്‍ സാധിക്കും. മരിയുപോളിനെ സ്വതന്ത്രമാക്കിയത് റഷ്യയുടെ വന്‍ വിജയമാണെന്ന് പുടിന്‍ അവകാശപ്പെട്ടു.

Chandrika Web: