മോസ്‌കോ: മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകളെയും രാസായുധം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടീഷ് ആരോപണം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നിഷേധിച്ചു. ബ്രിട്ടന്‍ അഭയം നല്‍കിയ സ്‌ക്രീപലിനുനേരെയുള്ള വധശ്രമത്തില്‍ റഷ്യക്ക് വ്യക്തമായ പങ്കുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ റഷ്യക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ സയമം നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ രാസായുധം ഉപയോഗിച്ച് നടത്തുന്ന ആദ്യ ആക്രമണമാണ് ഇതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറയുന്നു.
തങ്ങളുടെ വിഷരാസവസ്തു ശേഖരം പരിശോധിക്കാന്‍ അനുവദിക്കാമെന്ന റഷ്യയുടെ അഭ്യര്‍ത്ഥന ബ്രിട്ടന്‍ തള്ളിയിട്ടുണ്ട്. വിഷബാധയേറ്റ് ബോധരഹിതരായ സ്‌ക്രീപലിന്റെയും മകള്‍ യൂലിയയുടേയും നില ഗുരുതരമായി തുടരുകയാണ്. നോവിചോക്ക് എന്ന വിഷമാണ് ഇവര്‍ക്കെതിരെ ഉപയോഗിച്ചതെന്ന് ബ്രിട്ടന്‍ പറയുന്നു. സ്‌ക്രിപാലിനെ പോലുള്ള കൂറുമാറ്റക്കാരെ കൊലപ്പെടുത്താന്‍ റഷ്യ ഇതാണ് ഉപയോഗിക്കാറുള്ളതെന്ന് തെരേസ മേയ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. ഏറെ മാരകമാണ് നോവിചോക്കെന്ന് രാസായുധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌ക്രീപലും മകളും മരണത്തില്‍നിന്ന് രക്ഷപ്പെട്ടാലും സാധാരണ നിലയിലേക്ക് മടങ്ങാന്‍ പ്രയാസമാണ്.
സംഭവത്തില്‍ ബ്രിട്ടന് പിന്തുണയുമായി അമേരിക്കയും നാറ്റോയും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അന്വേഷണത്തില്‍ അമേരിക്കക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയനും ബ്രിട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാസായുധ പ്രയോഗം ആശങ്കാജനകമാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. ആരോപണത്തില്‍ രോഷം പ്രകടിപ്പിച്ച റഷ്യ ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി. ലോക കപ്പ് ഫുട്‌ബോള്‍ മത്സരം അട്ടിമറിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ പടച്ചുവിടുന്നതെന്ന് മോസ്‌കോ പറയുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വി.എസ് രാസവസ്തുവിനെക്കാള്‍ അപകടകാരിയാണ് നോവിചോക്ക്. ശീതയുദ്ധ കാലത്ത് റഷ്യ ഇത്തരത്തിലുള്ള നൂറിലേറെ വിഷരാസവസ്തുക്കള്‍ വികസിപ്പിച്ചിരുന്നു. സ്‌ക്രിപാലിന്റെ കാറില്‍ പൊടി രൂപത്തിലായിരിക്കാം അത് പ്രയോഗിച്ചതെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.