മോസ്‌കോ: സിറിയക്കെതിരെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ താക്കീതുമായി റഷ്യ രംഗത്ത്. സിറിയക്കു നേരെ ആക്രമണം ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് റഷ്യ അമേരിക്കക്ക് മുന്നറിയിപ്പു നല്‍കി.
സിറിയ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സിനുമൊപ്പം വ്യോമാക്രണം നടത്തിയെന്ന് അമേരിക്ക തന്നെയാണ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് സിറിയന്‍ ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യ അമേരിക്കക്കെതിരെ രംഗത്തുവന്നത്.
രാസായുധങ്ങളുടെ വലിയ ശേഖരമുള്ള അമേരിക്കക്ക് മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്ന് റഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അഡോള്‍ഫ് ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനു നേരെ ആക്രമണം നടത്തിയതിനു സമാനമാണ് സിറിയക്കെതിരെ അമേരിക്ക ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉപമിക്കാന്‍ അനുയോജ്യമായ പേര് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നാണെന്നും അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ പ്രസ്താവനയില്‍ അറിയിച്ചു.