X

സൗദിയെ അഞ്ചു ഗോളില്‍ മുക്കി റഷ്യ; ലോകകപ്പിന് തുടക്കമായി

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ഇരുപതാം എഡിഷന് ആതിഥേയരുടെ തകര്‍പ്പന്‍ ജയത്തോടെ തുടുക്കമായി. ഡെനിസ് ചെറിഷേവിന്റെ ഇരട്ട ഗോളുകളും യൂറി ഗാസിന്‍സ്‌കി, ആര്‍തം സ്യൂബ, അലക്‌സാന്ദര്‍ ഗൊലോവിന്‍ എന്നിവരുടെ ഗോളുകളുമാണ് ഏഷ്യന്‍ കരുത്തരായ സൗദി അറേബ്യക്കെതിരെ റഷ്യക്ക് എതിരില്ലാത്ത നാലു ഗോളിന്റെ ജയമൊരുക്കിയത്.

ഗ്രൂപ്പ് എയിലെ മറ്റു ടീമുകളായ ഉറുഗ്വേയും ഈജിപ്തും തമ്മില്‍ ഇന്ന് വൈകുന്നേരം 5.30 ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ മൊറോക്കോ ഇറാനെ രാത്രി 8.30 നും സ്‌പെയിന്‍ പോരര്‍ച്ചുഗലിനെ 11.30 നും നേരിടും.
റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിന്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവര്‍ വി.ഐ.പി ഗാലറിയിലിരുന്ന് കണ്ട മത്സരത്തില്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചപ്പോള്‍ തുടക്കംമുതല്‍ ആവേശകരമായിരുന്നു. പന്ത്രണ്ടാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ഗൊലോവിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് മധ്യനിര താരം യൂറി ഗാസിന്‍സ്‌കി ,അബ്ദുല്ല അല്‍ മയ്യൂഫ് കാത്ത സൗദി വലയില്‍ പന്തെത്തിച്ചത്. എട്ടാം നമ്പര്‍ താരം സൗദി വലയില്‍ പന്തെത്തിച്ചത്.

24-ാം മിനുട്ടില്‍ അലന്‍ ഷാഗോവിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഡെനിസ് ചെറിഷേവ് കളത്തിലെത്തി. സൗദി ഗോള്‍മുഖത്ത് രണ്ട് അവസരങ്ങള്‍ നഷ്ടമാക്കിയ വിയ്യാറയല്‍ താരം 43-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ബോക്‌സില്‍ വെച്ച് റോമന്‍ സോബ്‌നിന്‍ നല്‍കിയ പന്ത് നിയന്ത്രിച്ച ചെറിഷേവ് രണ്ട് ഡിഫന്റര്‍മാരെയും ഗോള്‍കീപ്പറെയും നിസ്സഹായരാക്കി ക്ലോസ്‌റേഞ്ചില്‍ പന്ത് വലയുടെ ഉത്തരത്തില്‍ അടിച്ചുകയറ്റുകയായിരുന്നു.

ഇടവേള കഴിഞ്ഞെത്തിയ സൗദി കളിക്കാര്‍ ക്ഷീണിതരായി കാണപ്പെട്ടപ്പോള്‍ റഷ്യ ഇനിയും ഗോളടിക്കാനുള്ള ഭാവത്തിലായിരുന്നു. 71-ാം മിനുട്ടില്‍ സൗദി ക്യാപ്ടന്‍ ഉസാമ ഹൗസാവിയെയും ഗോള്‍കീപ്പറെയും നിസ്സഹായരാക്കി ആര്‍തം സ്യൂബ കരുത്തുറ്റ ഹെഡ്ഡറിലൂടെ ഗോള്‍ വ്യത്യാസം മൂന്നാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമിന്റെ ആദ്യമിനുട്ടില്‍ സ്യൂബയുടെ പാസില്‍ നിന്ന് തൊടുത്ത കുറ്റമറ്റ ഷോട്ടിലൂടെ ചെറിഷേവ് തന്റെ അക്കൗണ്ടില്‍ രണ്ടാമത്തെ ഗോളും ചേര്‍ത്തു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ, ഫ്രീകിക്ക് വലയിലെത്തിച്ചാണ് ഗൊലോവിന്‍ പട്ടിക തികച്ചത്.

നാല് പ്രതിരോധക്കാരും രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുമടക്കം 4-2-3-1 എന്ന ശൈലിയിലാണ് റഷ്യന്‍ കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ചെഷോവ് റഷ്യന്‍ ടീമിനെ ഇറക്കിയത്. ഇഗോര്‍ അകിന്‍ഫീവ് വലകാത്ത ടീമില്‍ പത്താം നമ്പര്‍ താരം ഫ്യൊദോര്‍ സ്‌മോലോവ് ആണ് ആയിരുന്നു ആക്രമണത്തിന്റെ കുന്തമുന. സൗദി കോച്ച് ആന്റോണിയോ പിസ്സിയാകട്ടെ, തന്റെ സൗദി കോച്ചിങ് കരിയറിലാദ്യമായി പ്രധാന സ്‌ട്രൈക്കര്‍ മുഹമ്മദ് അല്‍ സഹ്‌ലവിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. 4-1-4-1 ശൈലിയില്‍ ടീമിനെ വിന്യസിച്ചു.

നേരത്തെ, വര്‍ണാഭമായ സംഗീത-നൃത്ത ചടങ്ങോടെയാണ് ലോകകപ്പിന് അരങ്ങുണര്‍ന്നത്. ബ്രിട്ടീഷ് ഗായകന്‍ റോബി വില്യംസണും റഷ്യക്കാരി അയ്ദ ഗരാഫുള്ളിനയും ബ്രസീലിയന്‍ ഇതിഹാസതാരം റൊണാള്‍ഡോയും നയിച്ച സംഗീത-വാദ്യ ഘോഷത്തിനു ശേഷം ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടി.

നര്‍ത്തകരുടെ അകമ്പടിയോടെ ‘ലെറ്റ്മി എന്റര്‍ടെയ്ന്‍ യൂ’ ഗാനമാലപിച്ചാണ് റോബി വില്യംസ് സംഗീതനിശക്ക് തുടക്കമിട്ടത്. ഔദ്യോഗിക മാസ്‌കോട്ട് ആയ സബിവാകക്ക് റൊണാള്‍ഡോ ലോകകപ്പ് മാച്ച്‌ബോള്‍ കൈമാറി. 32 ടീമുകളുടെയും നിറങ്ങളണിഞ്ഞ നര്‍ത്തകരും അണിനിരന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: