X

മദ്യം വാങ്ങാന്‍ തിരക്ക്, ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം നീട്ടി

 

തിരുവനന്തപുരം: ദേശീയ, സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ ഉടലെടുത്ത അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്ത് മുഴുവന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണു പുതിയ പ്രവര്‍ത്തന സമയമെന്ന് ഇന്നലെ ബിവറേജസ് കോര്‍പറേഷന്‍ എംഡി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതുവരെ ഇത് രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയായിരുന്നു.
ദേശീയ, സംസ്ഥാന പാതയോരത്തെ അടച്ചുപൂട്ടപ്പെട്ട മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുവരെ പുതിയ പ്രവര്‍ത്തന സമയമായിരിക്കും ബാധകം. തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ മദ്യം വാങ്ങാന്‍ വന്‍തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ നിലവിലുള്ള ഔട്ട്്‌ലെറ്റുകളിലെ കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂട്ടിയ കേന്ദ്രങ്ങളിലെ ജീവനക്കാരെക്കൂടി തുറന്നു പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ വിന്യസിക്കും. പൂട്ടിയ ഷോപ്പുകള്‍ക്കു പകരം പുതിയവ കണ്ടെത്താന്‍ കഠിന ശ്രമം നടത്തി വരികയാണ്. ഓരോ ദിവസവും നാലെണ്ണം വീതമെങ്കിലും ദൂരപരിധി പാലിച്ചു തുറക്കാനാണ് ശ്രമം. രണ്ടു ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ ബദല്‍മാര്‍ഗങ്ങള്‍ സര്‍ക്കാരും തേടുന്നു. മദ്യശാലകള്‍ സ്ഥാപിക്കാനുള്ള ചട്ടങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കും. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനാണ് നീക്കം. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും സാധ്യതയുണ്ട്. വരുമാന നഷ്ടവും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണു യോഗം വിളിക്കുന്നത്. മദ്യശാലകള്‍ പൂട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തു വന്‍തോതില്‍ വ്യാജമദ്യവും സ്പിരിറ്റും ഒഴുകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജമദ്യ ദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും എക്‌സൈസ് വകുപ്പു പരിശോധന കര്‍ശനമാക്കി.
പുറമെ മാഹി, സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകള്‍, ട്രെയിന്‍, സംസ്ഥാനാന്തര ബസുകള്‍ എന്നിവ വഴിയും സ്പിരിറ്റും വിദേശമദ്യക്കടത്തും വര്‍ധിക്കും. വ്യാജമദ്യ വില്‍പന അരങ്ങേറിയാല്‍ അതു മദ്യ ദുരന്തത്തിലും കലാശിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. വ്യാജമദ്യം ഒഴുകുന്നത് തടയുന്നതിന് ഈ മാസം 20 വരെ കര്‍ശനമായ പരിശോധന നടത്താന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1956 മദ്യവില്‍പന കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്. ബവ്‌കോ–കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ 207, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍–11, ക്ലബുകള്‍–18, ബീയര്‍–വൈന്‍ പാര്‍ലറുകള്‍–586, ബീയര്‍ വില്‍പന കേന്ദ്രങ്ങള്‍–രണ്ട്, കള്ളുഷാപ്പുകള്‍–1132 എന്നിങ്ങനെയാണു പൂട്ടിയത്. എറണാകുളത്താണ് കൂടുതല്‍ മദ്യശാലകള്‍ പൂട്ടിയത്–295. തൃശൂര്‍–251, കോട്ടയം–236, പാലക്കാട്–204, ഇടുക്കി–195. ആലപ്പുഴ–168, കണ്ണൂര്‍–15, കൊല്ലം–103, കോഴിക്കോട്–95, തിരുവനന്തപുരം–84, മലപ്പുറം, 77, കാസര്‍കോട്–64, പത്തനംതിട്ട–54, വയനാട്–25 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്.

chandrika: