ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. യു.എസ് ഡോളറിനെതിരെ 70.82 എന്ന നിലയിലാണ് രൂപയുടെ ഇന്നത്തെ നിലവാരം. 49 പൈസയുടെ നഷ്ടവുമായി 70.59 ലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 70.63ലായിരുന്നു രൂപയുടെ നില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതോടെ ഡോളറിന്റെ ആവശ്യം കൂടിയതാണ് രൂപക്ക് തിരിച്ചടിയായത്.
തിങ്കളാഴ്ച ഒരു അവസരത്തില്‍ 69.65 എന്ന നിലയില്‍ നിന്ന ശേഷമാണ് രൂപ കൂപ്പു കുത്താന്‍ ആരംഭിച്ചത്. ചൊവ്വാഴ്ച 70.10 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിച്ചതോടെ രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കൂടിയതാണ് രൂപയുടെ മൂല്യം കൂപ്പുകുത്താനുള്ള പ്രധാന കാരണം. കയറ്റുമതി തുക കുറയുകയും ഇറക്കുമതി ചെലവ് കൂടുകയും ചെയ്യുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നത്.