ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം അടയാളപ്പെടുത്തുന്നതാണ്. ആസൂത്രണ വൈദഗ്ധ്യത്തിന്റെ അഭാവമാണ് അഞ്ചു മാസം കൊണ്ട് രൂപയുടെ മൂല്യം 6.5 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 63.62 നിലവാരത്തിലായിരുന്ന രൂപയുടെ നിരക്ക് ഇന്നലെ 69.10ല്‍ എത്തിനില്‍ക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ചരിത്രത്തിലാദ്യമായാണ് ഇത്രയും നിലവാരത്തകര്‍ച്ചയിലേക്ക് രൂപ കൂപ്പുകുത്തുന്നത്. രൂപയുടെ മൂല്യക്കുറവിനൊപ്പം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റംകൂടി രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. അത്രവേഗം തിരിച്ചുകയറാനാവാത്ത ആഴിയിലേക്ക് ആപതിക്കുന്നതിന്റെ സൂചനകളാണ് അന്താരാഷ്ട്ര വിപണിയില്‍നിന്ന് വ്യക്തമാകുന്നത്. അതിനാല്‍ അതിശക്തമായ ഇടപെടലിലൂടെ രൂപയുടെ മൂല്യം തിരിച്ചുപിടിക്കാനും രാജ്യത്തെ സാമ്പത്തിക ദുസ്ഥിതിയില്‍ നിന്നു രക്ഷപ്പെടുത്താനുമുള്ള അടിയന്തര നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നത് കയ്യുംകെട്ടി നോക്കിനിന്നത് ഒരുപരിധി വരെ ഇപ്പോഴത്തെ നിലവാരത്തകര്‍ച്ചക്ക് നിമിത്തമായിട്ടുണ്ട്. 2016 നവംബറില്‍ രൂപയുടെ മൂല്യം 68.65ല്‍ എത്തിയതില്‍ നിന്ന് പാഠം പഠിക്കാത്തതാണ് രൂപയുടെ തകര്‍ച്ചയിലേക്ക് നയിച്ചത്. ഡോളറിന്റെ ആവശ്യം വര്‍ധിച്ചുവരുന്നത് രൂപയെ സമ്മര്‍ദത്തിലാക്കുന്ന ഘട്ടത്തില്‍ ഇനിയുള്ള നീക്കങ്ങള്‍ കരുതലോടെയായിരിക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് മുഖവിലക്കെടുക്കുകയാണ് വേണ്ടത്. നോട്ട് നിരോധത്തിനു ശേഷം കുത്തഴിഞ്ഞ രാജ്യത്തെ സാമ്പത്തിക മേഖലക്ക് രൂപയുടെ മൂല്യത്തകര്‍ച്ച കൂനിന്മേല്‍ കുരുപോലെ ഭവിച്ചിരിക്കുകയാണ്. തികഞ്ഞ ആസൂത്രണ പാടവത്തോടെ കൈകാര്യം ചെയ്യേണ്ട സാമ്പത്തിക രംഗം അതീവ ലാഘവത്തോടെ ഏറ്റെടുത്തതിന്റെ അനന്തര ഫലമാണ് രാജ്യം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
2013 ഓഗസ്റ്റ് 28ന് 68.80 രൂപയായതാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്. എന്നാല്‍ ഇവ അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് രാജ്യത്തെ കരകയറ്റാന്‍ ധനകാര്യ വിദഗ്ധന്‍ കൂടിയായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ആസൂത്രണ വൈഭവങ്ങള്‍ക്ക് സാധ്യമായിരുന്നു. കുറ്റമറ്റ നയങ്ങളിലൂടെ റിസര്‍വ് ബാങ്കിന്റെ കരുതലും പിന്തുണയും ഇതിന് ബലം നല്‍കുകയും ചെയ്തിരുന്നു. സമീപ കാലങ്ങളിലായി റിസര്‍വ് ബാങ്ക് ഒരു വഴിക്കും രാജ്യത്തിന്റെ സാമ്പത്തിക ആസൂത്രണങ്ങള്‍ മറുവഴിക്കുമാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന റിസര്‍വ് ബാങ്ക് പിന്നീടിങ്ങോട്ട് സര്‍ക്കാറിന്റെ നയങ്ങളെ കൂടുതല്‍ വിശ്വാസത്തിലെടുക്കാതെയാണ് മുന്നോട്ടുപോകുന്നത്. ഇതിന്റെ അനുരണനങ്ങള്‍ പലവിധത്തിലും പടര്‍ന്നുവരുന്നതിന്റെ അവസാനത്തെ ആഘാതമാണ് രൂപയുടെ ഇവ്വിധമുള്ള മൂല്യത്തകര്‍ച്ച. ക്രൂഡ് ഓയില്‍ നിരക്കിലെ വര്‍ധനയും വിനിമയ നിരക്കിലെ ഇടിവും രാജ്യത്തിന് ഒരേ സമയമുള്ള രണ്ട് കനത്ത തിരിച്ചടികളായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വ്യാപാരത്തിനിടെ 16 മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തിയ ഇന്ത്യന്‍ രൂപ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സി എന്ന ചീത്തപ്പേരും സമ്പാദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ കുതിപ്പുംപോലെ പ്രധാനമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ആഭ്യന്തര കാരണങ്ങള്‍ എന്നത് നിഷേധിക്കാനാവില്ല. ഡോളര്‍ ശക്തിപ്രാപിക്കുമ്പോഴും നേട്ടമുണ്ടാക്കുന്ന ഏഷ്യന്‍ കറന്‍സികള്‍ ഇതിന് തെളിവാണ്. കഴിഞ്ഞ വര്‍ഷം തൊട്ടുമുമ്പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ ആറു ശതമാനം നേട്ടമുണ്ടായിരുന്നു. മോദി സര്‍ക്കാറിന്റെ നോട്ട് നിരോധവും തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങളുമാണ് എല്ലാം കീഴ്‌മേല്‍ മറിച്ചത്. പീന്നീട് ഇതുവരെ 68ന്റെ പരിസരം വിട്ട് രൂപക്ക് രക്ഷപ്പെടാനായിട്ടില്ല. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്തിന്റെ ഓഹരി വിപണിയെ രാഷ്ട്രീയ അനിശ്ചിതത്വം സാരമായി ബാധിച്ചതായി കാണാം. തെരഞ്ഞെടുപ്പ് പ്രവചനങ്ങളും ഫലങ്ങളും ഭരണമാറ്റങ്ങളുമെല്ലാം സെന്‍സെക്‌സിലും നിഫ്റ്റിയിലും സ്വാധീനം ചെലുത്തുന്നത് ശക്തമായിരിക്കുകയാണ്.
രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും നിക്ഷേപകരുടെ പിന്‍വാങ്ങലുകളുമാണ് ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയാക്കി രൂപയെ മാറ്റിയത്. റെന്‍മിന്‍ബി എന്ന ചൈനീസ് യുവാന്‍ ഏഷ്യന്‍ കറന്‍സികളില്‍ മികവ് പുലര്‍ത്തുന്നത് കാണാതിരിക്കാനാവില്ല. ഈ കാലയളവില്‍ ഡോളറിനെതിരെയുള്ള മൂല്യത്തില്‍ രണ്ടര ശതമാനത്തോളം യുവാന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജപ്പാന്‍ കറന്‍സി ‘യെന്‍’ 2.46 ശതമാനവും മലേഷ്യ, തായ്‌ലാന്റ് കറന്‍സികള്‍ രണ്ടു ശതമാനത്തോളവും ഡോളറുമായുള്ള മൂല്യത്തില്‍ നേട്ടമുണ്ടാക്കിയത് നമ്മുടെ രാജ്യം കാണാതെ പോവുകയാണ്. ഇറക്കുമതിക്കാര്‍ മികച്ച തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നത് നോക്കിനില്‍ക്കേണ്ട ദയനീയതയാണ് ഇന്ത്യന്‍ രൂപക്കുള്ളത്. എണ്ണ വിലക്കയറ്റം ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഗണ്യമായി ഉയര്‍ത്തുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രൂപയുടെ വിനിമയ മൂല്യത്തിലെ ഇടിവ് രാജ്യത്തിന് താങ്ങാനാവില്ല. അമേരിക്ക-ചൈന വ്യാപാര ബന്ധം വീണ്ടും തകരുമെന്ന കണക്കുകൂട്ടലുകള്‍ ശക്തമായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ഓഹരി വിപണിയിലെ ഇടിവും ആഭ്യന്തര, വിദേശ ധനസ്ഥാപനങ്ങളുടെ വില്‍പനയും രൂപക്കു തിരിച്ചടി നല്‍കുന്നുണ്ട്. ഈ മാസം ഇതുവരെ വിദേശ ധനസ്ഥാപനങ്ങള്‍ 18,000 കോടി രൂപയുടെ വില്‍പന നടത്തിയിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി താഴുന്നതും രൂപക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നു.
എണ്ണ വിലക്കയറ്റം കറന്റ് എക്കൗണ്ട് കമ്മി (സി.എ.ഡി) വര്‍ധിപ്പിക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18ല്‍ സി.എ.ഡി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.9 ശതമാനം ആയിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ഇത് 2.5 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഇതു പ്രായോഗികമായാല്‍ തരണം ചെയ്യാന്‍ രാജ്യത്തെ സാമ്പത്തിക മേഖല പാടുപെടേണ്ടി വരും. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രവചനാതീതമാണ് രാജ്യത്തിന്റെ ഭദ്രത. എണ്ണവില തുടര്‍ച്ചയായി ഉയരുകയും രൂപയുടെ മൂല്യത്തകര്‍ച്ച തുടരുകയും ചെയ്താല്‍ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലകപ്പെടും. ഇതു തിരിച്ചറിഞ്ഞ് യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്ന കാര്യം തീര്‍ച്ച.
- 6 years ago
chandrika
Categories:
Video Stories